റായ്പൂർ: ചത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ദന്തേവാഡയിലെ ബി.ജെ.പി എം.എൽ.എ ഭീമാ മാണ്ഡവി(40) ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്യാമഗിരി ഹിൽസിന് സമീപം മാണ്ഡവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. എം.എൽ.എയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്. വാഹനവ്യൂഹം കടന്നുപോയ വഴിയിൽ കുഴിയുണ്ടാക്കി അതിൽ സ്ഫോടകവസ്തുക്കൾ നിറച്ചായിരുന്നു ആക്രമണം. സ്ഫോടനത്തിൽ ബുള്ളറ്റ് പ്രൂഫ് വാഹനം പൂർണമായും തകർന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി രൂക്ഷമായിരുന്നു. മൂന്നുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെയാണ്. ഈ മാസം 18, 23 തീയതികളിലാണ് രണ്ടും മൂന്നും ഘട്ടങ്ങൾ. നാളെ വോട്ടെടുപ്പ് നടക്കുന്ന ബസ്താർ ലോക്‌സഭാ മണ്ഡലത്തിലാണ് ദന്തേവാഡയുള്ളത്.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചത്തീസ്ഗഡിലെ ബസ്താർ മേഖലയിലുണ്ടായ മാവോയിസ്റ്റാക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വി.സി ശുക്ല എന്നിവരുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ദന്തേവാഡയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു.
ഭീമ മാണ്ഡവി
സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവായ മാണ്ഡവി, 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മയുടെ ഭാര്യ ദേവതി കർമ്മയോട് തോറ്റെങ്കിലും 2018ലെ തിരഞ്ഞെടുപ്പിൽ ജയിച്ചാണ് ദന്തേവാഡ എം.എൽ.എയായത്. ബസ്താർ ലോക്സഭാ മണ്ഡലത്തിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ ജയിച്ച ഒരേയൊരു ബി.ജെ.പി നേതാവ് കൂടിയായിരുന്നു മാണ്ഡവി.