bjp-mla-killed

ന്യൂഡൽഹി: ചത്തീസ്ഗഢിലെ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബി.ജെ.പി എം.എൽ.എ അടക്കം ആറ് പേർ കൊല്ലപ്പെട്ടു. ബി.ജെ.പി എം.എൽ.എ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ദന്തേവാഡ എം.എൽ.എ ഭീമ അടക്കം ആറ് പേർ കൊല്ലപ്പെട്ടത്. എം.എൽ.എ കൂടാതെ അഞ്ച് പോലീസുകാരാണ് സ്ഥലത്ത് വച്ച് മരണപ്പെട്ടത്.

കൗകോണ്ഡ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. വാഹനവ്യൂഹത്തിന്റെ ഏറ്റവും പുറകിലായിരുന്നു എം.എൽ.എയുടെ വാഹനം സഞ്ചരിച്ചിരുന്നത്. എം.എൽ.എയുടെ വാഹനവ്യൂഹത്തിന് നേരെ ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്.

സ്‌ഫോടനത്തിന് ശേഷം സ്ഥലത്ത് ആക്രമികളുമായി വെടിവയ്പ്പ് ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ എം.എൽ.എയുടെ ഗൺമാനും കൊല്ലപ്പെട്ടെന്ന് സൂചനയുണ്ട്. സംഭവസ്ഥലത്തേക്ക് സി.ആർ.പി.എഫ് സംഘം എത്തിച്ചേർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.