news

1. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചു. 86-ാം വയസിലെ വിയോഗം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 4.57ന്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയില്‍ ആയിരുന്നു. വെള്ളിയാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം

2. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് ഉച്ചയോടെ ഗുരുതരമാവുക ആയിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും കെ.എം.മാണി പങ്കെടുത്തിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രി ആയിരുന്ന അദ്ദേഹം ഏറ്റവും അധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി കൂടെ ആണ്

3. കെ.എം.മാണിയുടെ വിയോഗത്തില്‍ അനിശോചിച്ച് രാഷ്ട്രീയ പ്രമുഖര്‍. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ വ്യക്തി ആയിരുന്നു കെ.എം. മാണി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യപൂര്‍വം സാമാജികരുടെ പട്ടികയില്‍ സ്ഥാനം നേടി. 54 വര്‍ഷത്തോളം നിയമ നിര്‍മ്മാണ സഭയില്‍ പ്രവര്‍ത്തിക്കുന്നത് ലോകത്ത് അധികം ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം. പുതിയ നിയമസഭാ സാമാജികര്‍ മാതൃക ആക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി

4. കെ.എം.മാണിയുടെ വിയോഗം ദുഖകരം എന്ന് ഗവര്‍ണര്‍ പി. സദാശിവം. തുടര്‍ച്ചയായി പാലയെ പ്രതിനിധീകരിക്കാനും മന്ത്രി എന്ന നിലയില്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതും പൊതുജന പിന്തുണയുടെ തെളിവ് എന്നും ഗവര്‍ണര്‍. അന്തരിച്ചത് കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭയില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തി ആയിരുന്നു കെ.എം.മാണി എന്നും സ്പീക്കര്‍.

5. കേരള രാഷ്ട്രീയത്തില്‍ പകരക്കാരന്‍ ഇല്ലാത്ത നേതാവിന്റെ വിയോഗം തീരാ നഷ്ടമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പകരം വയ്ക്കാന്‍ ഇല്ലാത്ത നേതാവാണ് വിടപറഞ്ഞത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. വിടപറഞ്ഞത്, വിസ്മയകരമായ റെക്കാഡുകള്‍ സൃഷ്ടിച്ച വ്യക്തി എന്ന് കെ.സി. വേണുഗോപാല്‍. രാജ്യത്ത് എങ്ങും ദുഖസൂചകമായി കരിങ്കൊടി ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

6. മികച്ച ഭരണാധികാരിയും തന്ത്ര ശാലിയുമായ രാഷ്ട്രീയ നേതാവിനെ ആണ് യു,.ഡി.എഫിന് നഷ്ടമായത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നും കര്‍ഷക പക്ഷത്തുനിന്ന് പ്രവര്‍ത്തിച്ച വ്യക്തി ആയിരുന്നു കെ.എം.മാണി എന്നും മുല്ലപ്പള്ളി. ദീര്‍ഘനാളത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ മാനേജ് മെന്റില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി ആയിരുന്നു കെ.എം.മാണി എന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എം. മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം എന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച വ്യക്തി ആയിരുന്നു കെ.എം. മാണി എന്ന് പി.എസ് ശ്രീധരന്‍ പിള്ളയും അനുശോചിച്ചു

7. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആണ് പ്രിയപ്പെട്ടവര്‍ മാണിസാര്‍ എന്ന് വിളിക്കുന്ന കെ.എം. മാണിയുടെ വിയോഗം. കേരള രാഷ്ട്രീയത്തിലെ റെക്കാര്‍ഡുകള്‍ക്ക് ഉടമയാണ് കെ.എം.മാണി. മന്ത്രി ആയും നിയമസഭാംഗമായും റെക്കാഡ്, 25 വര്‍ഷം മന്ത്രി, നിയമസഭാംഗമായി 52 വര്‍ഷം. 13 തവണ ബഡ്ജറ്റ് അവതരിപ്പിച്ചു എന്ന റെക്കാഡും മാണിക്ക് സ്വന്തം. തോല്‍വിയറിയാതെ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ച നേതാവാണ് മാണി

8. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ്, തേവര സേക്രഡ് ഹാര്‍ട്ട് എന്നീ കോളേജുകളിലായി സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ കോളേജില്‍ നിന്ന് 1955 ല്‍ നിയമ ബിരുദം നേടി

9. 1958 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെ.പി.സി.സി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1964 ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തി. പിന്നീട് കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ല്‍ പാര്‍ട്ടിയില്‍ ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്‍ ഇന്നുവരെ പാര്‍ടിയുടെ ചെയര്‍മാന്‍

10. നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി പി മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. 'ജനക്ഷേമം ജനങ്ങളുടെ അവകാശം', 'കാര്‍ഷിക സമ്പദ്ഘടനയും കേരളവും', 'വികസനവും വിഭവശേഷിയും' എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ 'കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

11. ഒരു മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ വിജയിക്കുക. ഒരു ജനപ്രതിനിധിയ്ക്കും സാധിക്കാത്ത ചരിത്രം കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെ.എം.മാണി എഴുതി. കേരളം ആകെ ഇടതു കാറ്റ് ആഞ്ഞു വീശിയപ്പോഴും കുലുങ്ങാതെ മാണി പറഞ്ഞു പാലാക്കാര്‍ തന്നെ കൈവിടില്ലെന്ന്. അരനൂറ്റാണ്ടിലെ പൊതു പ്രവര്‍ത്തനത്തിന് ഇടയില്‍ ചെളിതെറിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒടുവില്‍ പശ്ചാതപിക്കേണ്ടി വന്നതി രാഷ്ട്രീയ ചരിത്രം.