മാനന്തവാടി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ. സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഒരു കർഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ലന്നും ഒരു കർഷകനും ജയിലിൽ പോകേണ്ടി വരില്ലന്നും എ.ഐ.സി.സി. വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി പറഞ്ഞു. വയനാട്ടിലെ തലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടച്ചിട്ട മുറിയിലിരുന്നോ പോളിറ്റ് ബ്യൂറോ ചേർന്നോ തയ്യാറാക്കിയതല്ല, രാജ്യം മുഴുവൻ വിവിധ തുറകളിലെ സാധാരണക്കാരുമായി മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്താണ് യു.പി.എ. യുടെ പ്രകടനപത്രിക തയ്യാറാക്കിയത്. രാഹുൽ അധികാരത്തിൽ വന്നാൽ ആദ്യം ഒപ്പിടുന്നത് കർഷകരുടെ കടം എഴുതിതള്ളുന്ന ഫയൽ ആയിരിക്കും. കഴിഞ്ഞ യു.പി.എ. കാലത്ത് 52,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളി. ദേശീയ തലത്തിൽ എൻ.ഡി.എയെയും കേരളത്തിൽ എൽ.ഡി.എഫിനെയും പരാജയപ്പെടുത്താനാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മോദിയെ താഴെ ഇറക്കുന്നതിനൊപ്പം ഇനി രണ്ട് വർഷമെങ്കിലും ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ പിണറായിക്കൊരു ഷോക്കും ശിക്ഷയും ആയിരിക്കും ഈ തിരഞ്ഞെടുപ്പ്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതോടെ രാജ്യത്ത് രണ്ട് തരംഗമാണ് ഉള്ളത്. ഒന്ന് മോദി വിരുദ്ധ തരംഗവും രണ്ട് രാഹുൽ അനുകൂല തരംഗവും.
പ്രളയകാലത്ത് ജനങ്ങൾ ഒറ്റക്കെട്ടായി അതിജീവിച്ചപ്പോൾ മുഖ്യമന്ത്രി ഹെലികോപ്ടർ സന്ദർശനം നടത്തുകയാണ് ചെയ്തത്. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിവിധ ഇടങ്ങളിൽ നിന്ന് പണം ഒഴുകിയെത്തിയിട്ടും അത് നേരായ വിധത്തിൽ വിനിയോഗിച്ചില്ലെന്നും ആന്റണി പറഞ്ഞു.