kodiyr

ആലപ്പുഴ: ജനവിധി അട്ടിമറിക്കാനുള്ള എക്ടസിറ്റ്പോളുകളിൽ വിശ്വാസമില്ലെന്ന് പ്രസ് ക്ളബ്ബിന്റെ ജനസമക്ഷം പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ. മുൻകാല എക്‌സിറ്റ്പോളുകൾ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോൾ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റ് കോൺഗ്രസിനു കിട്ടുമെന്നായിരുന്നു പ്രചനം. കിട്ടിയതോ- 44 സീറ്റ്. യു.പിയിൽ ബി.എസ്.പിക്ക് 17സീറ്റ് ലഭിക്കുമെന്നു പറഞ്ഞ സർവേയിൽ ഒരു സീറ്റു പോലും കിട്ടിയില്ല. ബംഗാളിൽ സി.പി.എമ്മിന് 11സീറ്റ് എന്നത് രണ്ടു സീറ്റ് മാത്രമായി- സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് 2004ലെ തിരഞ്ഞെടുപ്പു ഫലം ആവർത്തിക്കും. എൽ.ഡി.എഫിന് വോട്ടു കുറയ്‌ക്കാൻ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബി.ജെ.പിയെ പുറത്താക്കി ഇടതുപക്ഷത്തിന്റെ സഹായത്തോടെ ബദൽ സംവിധാനമുണ്ടാക്കാൻ എൽ.ഡി.എഫിന് കുടുതൽ സീറ്റു ലഭിക്കണം.

കേരളത്തിൽ കോൺഗ്രസ് തോറ്റാൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നു പറഞ്ഞ എ.കെ.ആന്റണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. കൊല്ലം, എറണാകുളം, കോഴിക്കോട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്‌പര ധാരണയിലാണ്. കണ്ണൂരിൽ ബി.ജെ.പി നേതാവ് സി.കെ.പത്മനാഭനു വേണ്ടി വോട്ടു ചോദിക്കാൻ ഒരു ആർ.എസ്.എസുകാരനെയും കാണാനില്ല.

തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് കോൺഗ്രസുകാർ പ്രവർത്തിക്കുന്നത്. ഇക്കാര്യം തിരുവനന്തപുരം ഡി.സി.സി ഭാരവാഹി തന്നെ സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ജനങ്ങളെ കബളിപ്പിക്കുന്ന സങ്കല്പങ്ങൾ മാത്രമാണ് പ്രകടന പത്രികയിൽ ബി.ജെ.പി മുന്നോട്ടൂ വച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഉന്നയിച്ച വിഷയങ്ങൾ നടപ്പാക്കാതെ ഗ്രാമം,കർഷകൻ,ദ്രരിദ്രൻ എന്നീ പുതിയ സങ്കല്പങ്ങളുമായി വന്നിരിക്കുന്നത് ജനം തള്ളും. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമാണ് സംഘപരിവാർ നടത്തുന്നത്.

ശബരിമല വിഷയത്തിൽ വോട്ടു കുറയില്ല. യഥാർത്ഥ വിശ്വാസികൾ എൽ.ഡി.എഫിനോടൊപ്പമാണ്. ഈ വിഷയത്തിൽ ഒരിക്കൽപ്പോലും കേസിൽ കക്ഷിചേരാത്ത പ്രസ്ഥാനമാണ് ബി.ജെ.പി. സി.പി.എം നിലപാടിൽ ഉറച്ചുനിന്നപ്പോൾ മറ്റുള്ളവർ നാമജപം കേട്ട് നിലപാട് മാറ്റി. കാന്തപുരവും രാഹുൽഗാന്ധിയും വിമാനത്താവളത്തിൽ വച്ച് പരസ്‌പരം കണ്ടതല്ലാതെ ചർച്ച നടത്തിയ വിവരം തനിക്കറിയില്ലെന്നും കോടിയേരി പറഞ്ഞു.