ഇരിങ്ങാലക്കുട : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടയിൽ ആയുധവുമായി ബി. ജെ.പി ബൂത്ത് പ്രസിഡന്റ് പിടിയിലായി. ഇന്നലെ രാവിലെ എടതിരിഞ്ഞി വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് നടന്ന പരിശോധനയിലാണ് പ്രചരണ സാമഗ്രികളോടൊപ്പം കത്തിയുമായി എടതിരിഞ്ഞി മുളങ്ങിൽ ആണ്ടി മകൻ സുരേഷ് (56) പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഉള്ളിൽ നിന്നാണ് കത്തി കണ്ടെടുത്തത് . ഫ്‌ളയിംഗ് സ്‌ക്വാഡ് എക്‌സി. മജിസ്‌ട്രേറ്റ് എം.എച്ച് ഷാജിക്കിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സി.എ ഷാജു, വി.എസ് അനൂപ്, അശോകൻ എന്നിവർ രാവിലെ എട്ടോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതി ബി.ജെ.പി ബൂത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ആളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് ആയുധം കൊണ്ട് നടക്കുന്നതെന്ന് പ്രതി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ നടപടികൾക്കായി പ്രതിയെ കാട്ടൂർ പൊലീസിന് കൈമാറി. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കാട്ടൂർ എസ്.ഐ അറിയിച്ചു. പടിയൂർ രാഷട്രീയ സംഘർഷങ്ങൾ തുടർക്കഥയായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇതേ കാലയളവിലാണ് സർവകക്ഷി യോഗം വിളിച്ച് സ്ഥിതിഗതികൾ ശാന്തമാക്കിയത്.