കൊല്ലം: നാടാകെ പച്ചപ്പ് പടർത്താൻ ഉപകരിക്കുന്ന വേറിട്ട പ്രദർശന- വില്പന മേളയ്ക്ക് കൊല്ലം പീരങ്കി മൈതാനിയിൽ ഇന്ന് പ്രൗഢമായ തുടക്കമാകും. കേരള കൗമുദി -സ്വയംവര സിൽക്ക്സ് 'ഹരിതം സുന്ദരം' സമ്മർ ഫെസ്റ്റിൽ കാഴ്ചകളുടെ വസന്തമൊരുക്കുന്നതിനൊപ്പം നന്മയുടെ ഹരിതസന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

45000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രദർശന നഗരിയിൽ ശീതീകരിച്ചതും അല്ലാത്തതുമായ ഇരുന്നൂറിൽപ്പരം സ്റ്റാളുകളുണ്ട്.

ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിച്ച് നിർവഹിക്കും. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടി അമ്മ, കെ.രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. എം. നൗഷാദ് എം.എൽ.എ, മേയർ വി.രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, വാർഡ് കൗൺസിലർ റീന സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥ മേധാവികളുടെയും സാന്നിദ്ധ്യമുണ്ടാകും. സ്വയംവര സിൽക്ക്സാണ് ഫെസ്റ്റിന്റെ മുഖ്യ സ്പോൺസർ. മെഡിട്രീന ഹോസ്പിറ്റൽ, ആർ.കെ.സാരീസ്, തട്ടാമല ലാലാസ് കൺവെൻഷൻ സെന്റർ, പിട്ടാപ്പിള്ളിൽ ഏജൻസീസ്, കഫെ കുടുംബശ്രീ, എന്റെ റേഡിയോ എന്നിവരും സഹ സ്പോൺസർമാരാണ്.