kodiyeri-balakrishnam

ആലപ്പുഴ: ഇടതുപക്ഷം ജയിച്ചാൽ മാത്രമേ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താൻ കഴിയുകയുള്ളൂവെന്ന് എ.കെ ആന്റണി മനസിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴ പ്രസ‌്ക്ലബിന്റെ ജനസമക്ഷം പരിപാടിയിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.2014 ൽ ബി.ജെ.പിയെ പുറത്താക്കിയത‌് ഇടതുപക്ഷത്തിന്റെ പിന്തുണയിലാണ‌െന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഉണ്ടാകാൻ പോകുന്നത് ഇടതുപക്ഷം ഉൾപ്പെടുന്ന മതേതര സർക്കാരായിരിക്കും. ശരിയായ നിലപാട് സ്വീകരിച്ചപ്പോഴെല്ലാം എൽ.ഡി.എഫിന് കൂടുതൽ വോട്ട് ലഭിച്ചിട്ടുണ്ട്. സ‌്ത്രീശാക്തീകരണ നിലപാടുമൂലം എൽ.ഡി.എഫിന് വോട്ട് കൂടുതലായി ലഭിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

കൊല്ലത്ത‌് യു.ഡി.എഫ‌് സ്ഥാനാർത്ഥി എൻ.ഡി.എയ‌്ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. എറണാകുളത്ത‌് അൽഫോൺസ‌് എം.പിയെ വേണോ മന്ത്രിയെ വേണോ എന്നു ചോദിച്ചു നടക്കുന്നതല്ലാതെ കൂടെ ബി.ജെ.പിക്കാർ ആരുമില്ല. ബി.ജെ.പി എവിടെയും അക്കൗണ്ടു തുറക്കാൻ പോകുന്നില്ല. തിരുവനന്തപുരത്ത‌് എൽ.ഡി.എഫ‌് മുന്നിലെത്തി അവിടെ സി ദിവാകരൻ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.