ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ''പ്രിയ പ്രധാനമന്ത്രി, അഴിമതിയെക്കുറിച്ച് എന്നോട് സംവാദത്തിലേർപ്പെടാൻ താങ്കൾക്ക് ഭീതിയുണ്ടോ..? ഞാൻ താങ്കൾക്ക് അത് കുറച്ച് എളുപ്പമാക്കിത്തരാം. താങ്കൾക്ക് തയ്യാറെടുപ്പ് നടത്താം. 1-റാഫേലും അനിൽ അംബാനിയും, 2- നീരവ് മോദി, 3- അമിത് ഷായും നോട്ട് അസാധുവാക്കലും. ഈ മൂന്ന് വിഷയങ്ങളിൽ സംവാദം നടത്താം'" - രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'സംവാദത്തിന് ഭയം" എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. നേരത്തെ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക പാകിസ്ഥാൻകാർ സംസാരിക്കുന്ന ഭാഷയുടേതിന് സമാനമാണെന്ന് മോദി പറഞ്ഞിരുന്നു. ഈ വിമർശനത്തിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മോദിയെ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നത്.