ലണ്ടൻ ഡെർബിയിൽ ചെൽസി വെസ്റ്റ്ഹാമിനെ കീടക്കി
ഹസാർഡിന് ഇരട്ടഗോൾ
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ലണ്ടൻ ഡെർബിയിൽ ചെൽസി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ കീഴടക്കി. ഇരട്ട ഗോളുമായി കളം നിറഞ്ഞ ഈഡൻ ഹസാർഡിന്റെ തകർപ്പൻ പ്രകടനമാണ് ചെൽസിക്ക് ഗംഭീര ജയം സമ്മാനിച്ചത്. പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്രവും മികച്ച ഗോളുകളിലൊന്നിലൂടെയാണ് ഹസാർഡ് ചെൽസിയുടെ അക്കൗണ്ട് തുറന്നത്. 24-ാം മിനിറ്രിലായിരുന്നു ആ ക്ലാസിക്ക് സോളോ ഗോളിന്റെ പിറവി.
അഞ്ചു വെസ്റ്റ്ഹാം താരങ്ങളെ കബളിപ്പിച്ചു സോളോ റണ്ണിലൂടെയാണ് ഹസാർഡ് വെസ്റ്റ്ഹാമിന്റെ വലകുലുക്കിയത്. ആദ്യ പകുതിയിൽ ചെൽസിക്ക് ഭീഷണിയായി ഒരു ആക്രമണം പോലും നടത്താൻ വെസ്റ്റ് ഹാമിനായില്ല. ഇടവേളയ്ക്കു ശേഷം ഉണർന്നു കളിച്ച വെസ്റ്റ് ഹാം ആക്രമണം അഴിച്ചുവിട്ടെങ്കിലും ചെൽസിക്ക് തന്നെയായിരുന്നു ആധിപത്യം. ഇഞ്ചുറി ടൈമിൽ തന്റെ രണ്ടാമത്തെ ഗോളിലൂടെ ഹസാർഡ് ചെൽസിയുടെ വിജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ആഴ്‌സനലിനെയും ടോട്ടനത്തെയും മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.