election-survey

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സർവേകളാണ് പുറത്ത് വന്നിട്ടുള്ളത്. അതിൽ മിക്കതും കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ ഫലമാണ് വന്നിട്ടുള്ളത്. എന്നാൽ ഇത്തവണ സർവേകൾക്കു പിടി തരാത്തവിധം സങ്കീർണമാണ് കേരളത്തിലെ രാഷ്ട്രീയസ്ഥിതിയെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജീവ് രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. ദ ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുള്ള സി.എസ് ഡി.എസ് സർവേയുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തുന്നത്.

ശബരിമല പ്രശ്നവും അനുബന്ധ സംഭവവികാസങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതിയെ എപ്രകാരം സ്വാധീനിക്കുമെന്ന് പറയാനാവില്ലെന്നതാണ് സർവെ വ്യക്തമാക്കുന്നത്. സർക്കാരിന്റെ നടപടിക്കെതിരായ വൈകാരിക പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാൻ പറ്റുന്ന വിധത്തിൽ അതിശക്തമായ ഒരു അനുഭാവിവൃന്ദത്തെ സൃഷ്ടിക്കാൻ പിണറായി വിജയന് കഴിഞ്ഞെന്നും വ്യക്തമാക്കുന്നു. പുതിയ അനുഭാവികൾ 18 നും 30നുമിടയിൽ പ്രായമുള്ളവരാണ്. ഇവരിൽ തന്നെ സ്ത്രീകൾക്കിടയിൽ മുഖ്യമന്ത്രിക്കുള്ള സ്വീകാര്യത വളരെ കൂടുതലുമാണ്. അതുകൊണ്ട് തന്നെ വോട്ടുകൾ ബാലൻസ് ചെയ്യാനോ മറികടക്കാനോ എൽ.ഡി.എഫിന് സാധിക്കുമെന്നും വിലയിരുത്തുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സെഫോളജിയിൽ അത്യാവശ്യം പിടിയുള്ളവരും പല സർവേകൾ നടത്തിയിട്ടുള്ളവരുമായ ചില വിഷയവിദഗ്ദ്ധരോട് ഇന്നലെയും ഇന്നുമായി സംസാരിക്കാൻ സാധിച്ചിരുന്നു. ദ ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുള്ള സി.എസ് ഡി.എസ് സർവേയുടെ ഫലത്തെ അടിസ്ഥാനമാക്കി അവർ പങ്കുവച്ച ചില നിരീക്ഷണങ്ങളുണ്ട്. അതിലേറ്റവും ശ്രദ്ധേയമായി എനിക്കുതോന്നിയത് ഇത്തവണ സർവേകള്‍ക്കു പിടി തരാത്തവിധം സങ്കീർണമാണ് കേരളത്തിലെ രാഷ്ട്രീയസ്ഥിതി എന്നതാണ്. ശബരിമല പ്രശ്നവും അനുബന്ധ സംഭവവികാസങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതിയെ എപ്രകാരം സ്വാധീനിക്കുമെന്ന് പറയാനാവില്ലെന്നതാണ് അവരുടെ പ്രാഥമികമായ വിലയിരുത്തൽ. ഉപരിതലത്തിൽ പിണറായി വിജയൻ സർക്കാരിന്റെ നടപടിക്കെതിരായ വൈകാരിക പ്രതികരണങ്ങൾ കണ്ടിരുന്നുവെങ്കിലും അതിനെ മറികടക്കാവുന്ന അതിശക്തമായ ഒരു അനുഭാവിവൃന്ദത്തെ സൃഷ്ടിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനു കഴിഞ്ഞിട്ടുണ്ടെന്നാണ് സൂക്ഷ്മമായ വിലയിരുത്തലിൽ നിന്നും വ്യക്തമാകുന്നതെന്ന് ഇവർ പറയുന്നു.

ഇതിൽ ഏറ്റവും സവിശേഷവും ശ്രദ്ധേയവുമായ കാര്യം ഈ പുതിയ അനുഭാവികളിലേറെയും 18 നും 30നുമിടയിൽ പ്രായമുള്ളവരാണ് എന്നതാണ്. ഇവരിൽ തന്നെ സ്ത്രീകൾക്കിടയിൽ മുഖ്യമന്ത്രിക്കുള്ള സ്വീകാര്യത വളരെ കൂടുതലുമാണ്. ഇതിന്റെ കാരണങ്ങൾ പലതാവാം പക്ഷെ ഇത്തരത്തിലുള്ള ഒരു അനുഭാവരൂപീകരണം കേരളത്തിൽ പതിവില്ലാത്തതാണെന്നും ഇവരിൽ ചിലർ കരുതുന്നു. അതായത് ശബരിമല വിഷയത്തിൽ സര്‍ക്കാരിനെതിരെ തിരിഞ്ഞേക്കാവുന്ന വോട്ടുകളെ ബാലൻസ് ചെയ്യാനോ മറികടക്കാനോ വരെ ഈ പുത്തൻ വോട്ടുകൾ കൊണ്ട് എൽ.ഡി.എഫിന് സാധിച്ചേക്കുമെന്ന ഈ സാധ്യത മിക്ക സർവേകളും പരിഗണിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം ഗവേഷകർ കരുതുന്നത്.

ശബരിമല സമരത്തിൽവിശ്വാസം എന്നതിനൊപ്പം തന്നെ ലിംഗനീതിയുടെ പ്രശ്‌നവും ഉള്‍പ്പെട്ടിരുന്നുവെന്നും അത് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കെൽപുള്ളതാണെന്ന് മനസ്സിലാക്കാൻ മാർക്കറ്റിംഗ് സർവേകളുടെ മെത്തഡോളജിയടെ എക്‌സ്റ്റൻഷനായി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിക്ക് കഴിയില്ലെന്നുമാണ് ഇവരുടെ വിലയിരുത്തൽ. പിണറായി വിജയനിലൂടെ എൽ.ഡി.എഫിനുണ്ടായിട്ടുള്ള ഈ അനുഭാവി വൃന്ദത്തിന് എത്രമാത്രം ഒരു വോട്ട് റിസര്‍വാകാന്‍ കഴിയുമെന്നത് പക്ഷെ കാത്തിരുന്ന കാണേണ്ടതാണ്. മേൽ പറഞ്ഞ പ്രായ പരിധിയിലുള്ളവരെ പ്രത്യേകിച്ചും പെൺകുട്ടികളെ കുടുംബമടക്കമുള്ള പല ഘടകങ്ങളും സ്വാധീനിക്കാനുമിടയുണ്ട്.

സി.എസ് ഡി എസ് സർവേ പക്ഷെ ഒരു പരിധിവരെ ഇത് മുന്നിൽ കാണുന്നുണ്ട് എന്നു വേണം കരുതാൻ. അതുകൊണ്ടാവണം അവർ രണ്ടറ്റങ്ങളിൽ നില്‍ക്കുന്ന രണ്ടു പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്. എൽഡിഎഫിന് കുറഞ്ഞത് 6 സീറ്റും കൂടിയത് 14 സീറ്റുമാണ് അവർ പ്രവചിക്കുന്നത്. യുഡിഎഫിനാവട്ടെ കുറഞ്ഞത് 5 ഉം കൂടിയത് 13 മാണ്. ഇതിൽ ശ്രദ്ധേയമായ സംഗതി, യുഡിഎഫിന് മുൻകൈ ലഭിക്കുന്നുവെന്നാൽ ശബരിമല വിഷയം എൽഡിഎഫിനെതിരായി പ്രവർത്തിച്ചു എന്നാണർത്ഥം, ആ സാഹചര്യത്തിൽ അതിന്റെ ഗുണഫലം യുഡിഎഫിന് മാത്രമായി കിട്ടില്ല, എൻഡിഎക്കും അത് നേട്ടമായി മാറും. അവർ രണ്ടു സീറ്റിൽ ജയിക്കാനുള്ള സാധ്യത ഇവിടെയാണ്. മറിച്ചാണെങ്കിൽ എൽഡിഎഫിന് കിട്ടാത്ത സീറ്റുകളില്‍ ജയിച്ചു കയറാന്‍ യുഡിഎഫിനേ കഴിയൂ എന്ന തൽസ്ഥിതി തുടരും. അതായത് കേരളത്തില്‍ യുഡിഎഫിന്റെ തോൽവിയേക്കാള്‍ എൽഡിഎഫിന്റെ തോൽവി തന്നെയാണ് ബിജെപിക്കും എൻഡിഎക്കും അനുകൂല സാഹചര്യമൊരുക്കുക എന്നർത്ഥം.

ശബരിമല മാറ്റി നിർത്തിയാൽ ദേശീയ രാഷ്ട്രീയവും രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും മുസ്ലിം വോട്ടർമാരിൽ ഉണ്ടാക്കാവുന്ന യുഡിഎഫ് ചായ് വ് മാത്രമാണ് അവർ ഇടതുപക്ഷത്തിനെതിരായി കാണുന്ന ഘടകം. (ഇത് വളരെ സിഗ്നിഫിക്കന്‍റാണ് കേരളത്തിലെന്ന് ഞാൻ അപ്പോൾ തന്നെ കൂട്ടിച്ചേർത്തു) അല്ലാത്ത പക്ഷം ഭരണവിരുദ്ധവികാരം ഇത്രയും കുറഞ്ഞ ഒരു സാഹചര്യം കേരളത്തിൽ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഇവരിൽ പലരും അഭിപ്രായപ്പെടുന്നു.

Caveat : ഇത് റിയൽപൊളിറ്റിക് എന്ന വകുപ്പിൽ വരുന്നതാണ്, അക്കദമിക്ക് നിലവാരത്തിലുള്ള രാഷ്ട്രീയ പoനവും
ഈ എണ്ണങ്ങളുടെ കളിയും തമ്മിൽ വലിയ പൊരുത്തമൊന്നും കാണില്ല.