കൊൽക്കത്തയെ ചെന്നൈ തോൽപ്പിച്ചു
കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്രിന് കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെ തോൽപ്പിച്ചു.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ചെന്നൈയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ചൂളിപ്പോയ കൊൽക്കത്തയ്ക്ക് നിശ്ചിത ഇരുപതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ചെന്നൈ 17.2 ഓവറിൽ 3 വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി ( 111/3).
നേരത്തേ അർദ്ധ സെഞ്ച്വറിയുമായി പൊരുതിയ ആന്ദ്രേ റസ്സലിന്റെ (പുറത്താകതെ 44 പന്തിൽ 50) ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കിൽ കൊൽക്കത്തയ്ക്ക് നൂറ് റൺസ് പോലും തികയ്ക്കാനാകുമായിരുന്നില്ല. 3 വിക്കറ്റ് നേടിയ ദീപക് ചഹറും 2 വിക്കറ്ര് വീതം നേടിയ ഹർഭജൻ സിംഗും ഇമ്രാൻ താഹിറുമാണ് കൊൽക്കത്തയെ തകർത്തത്.
ഇൻഫോം ഓപ്പണർ ക്രിസ് ലിന്നിനെ (0) ടീം സ്കോർ 5ൽ വച്ച് എൽബിയിൽ കുരുക്കി ചഹറാണ് കൊൽക്കത്തയുടെ വിക്കറ്ര് വേട്ടയ്ക്ക് തുടക്കമിട്ടത്. അധികം വൈകാതെ മറ്രൊരു വെടിക്കെട്ട് വീരൻ സുനിൽ നരെയ്ൻ (5) ഹർഭജന്റെ പന്തിൽ ചഹറിന് ക്യാച്ച് നൽകി മടങ്ങി. നിതീഷ് റാണ ചഹറിന്റെ പന്തിൽ റായ്ഡുവിന് ക്യാച്ച് നൽകി പൂജ്യനായി മടങ്ങിയതോടെ 9/3 എന്ന നിലയിലായി കൊൽക്കത്ത. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ കൊൽക്കത്ത പ്രതിസന്ധിയിലാവുകയായിരുന്നു. 79/9 എന്ന നിലയിൽ നിന്ന് ഗുർണിയെ ഒരു വശത്ത് നിറുത്തി റസ്സൽ കൊൽക്കത്തയെ നൂറ് കടത്തി. 5 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
കൊൽക്കത്ത മുന്നോട്ട് വച്ച ദുർബലമായ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയെ ഫാഫ് ഡുപ്ലെസിസ് (പുറത്താകതെ 45 പന്തിൽ 43) ഉത്തരവാദിത്തത്തോടെ ബാറ്ര് ചെയ്ത് വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അമ്പാട്ടി റായ്ഡു 21 റൺസെടുത്തു. സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്ര് വീഴ്ത്തി. തകർപ്പൻ ബൗളിംഗുമായി കൊൽക്കത്തയെ കടപുഴക്കിയ ചെന്നൈ പേസർ ദീപക് ചഹറാണ് മാൻ ഒഫ് ദമാച്ച്.