തൊടുപുഴ: സുഹൃത്തിന്റെ മകനായ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അരുൺ ആനന്ദിന് സഹതടവുകാർ മർദ്ദിച്ചേക്കുമെന്ന ഭയം. ഇതേ തുടർന്ന് മറ്രേതെങ്കിലും ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി അരുൺ ആനന്ദ് ജയിൽ അധികൃതരോട് അപേക്ഷിച്ചു. നിലവിൽ റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും. നാലുവയസുകാരനായ ഇളയകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, കുട്ടിയുടെ മാതാവായ യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മർദ്ദിച്ചിരുന്ന അരുൺ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗൺസലിംഗിനിടെ പറഞ്ഞിരുന്നു. അതിനിടെ പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളിൽ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതിൽ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും.ക്രൂരകൃത്യങ്ങൾക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേർക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കേസിൽ പീഡനം മറച്ചുവെച്ചതിന് ഇവർക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവിൽ അമ്മ.