cm-escort-

വെമ്പായം: മുഖ്യമന്ത്രിക്ക് അകമ്പടിയായി വന്ന പോലിസ് വാഹനം അപകടത്തിൽപ്പെട്ടു. എം.സി റോഡിൽ കൊപ്പം അന്താരാഷ്ട്ര നിന്തൽ കുളത്തിനു സമീപമാണ് സംഭവം. മംഗലപുരം സി. ഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പോലിസ് ഉദ്യോഗസ്ഥരായ മംഗലപുരം സി. ഐ ജെസ്റ്റിൻജോൺ (40), എ. എസ്. ഐ രാധാകൃഷ്ണൻ (44), ബൈക്ക് യാത്രികൻ കൊപ്പം സ്വദേശി നിതിൻകുമാർ (24), കാ‌ർ യാത്രക്കാരൻ കന്യാകുളങ്ങര സ്വദേശി അസീം(38) എന്നിവർക്ക് പരുക്കേറ്റു.

കല്ലറയിൽ നിന്നും സ്ഥാനാർഥിയുടെ കൺവൻഷൻ കഴിഞ്ഞ് തിരുവനന്തപുരത്തെയ്ക്ക് വരുന്നതിനിടെ രാത്രി 8.10 നായിരുന്നു അപകടം. എസ്‌കോർട്ട് പോലിസ് ജീപ്പ് എതിർ ദിശയിൽ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വൈദ്യുത തൂണിൽ തട്ടി മറിയുകയും ചെയ്തു. അപകടത്തിൽ പരുക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.