manrendra-modi

മൈസൂരു: ശബരിമല വിഷയത്തിൽ വിശ്വാസികളെ ദ്രോഹിച്ച സംസ്ഥാന സർക്കാരിനെയും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി. വിശ്വാസികളെ ജയിലിൽ അടച്ച കമ്യൂണിസ്റ്റ് സർക്കാരിനെ രാഹുൽ ഗാന്ധി പിന്തുണച്ചെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമലയിൽ ആചാര സംരക്ഷണം ഉൾപ്പെടുത്തിയതിന് ശേഷം മൈസൂരുവിലെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് പ്രധാനമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

ശബരിമലയിലെ പൂജാവിധികളെയും ആചാരങ്ങളെയും കുറിച്ച് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്.കോൺഗ്രസ് അദ്ധ്യക്ഷൻ അതിനെ പിന്തുണക്കുകയാണ് ചെയ്തത്. കേരളത്തിൽ മത്സരിക്കാനെത്തിയ ശേഷം അദ്ദേഹം ആദ്യം പറഞ്ഞത് കമ്യൂണിസ്റ്റുകൾക്കെതിരെ ഒന്നും പറയില്ലെന്നാണ്. കോൺഗ്രസിന്‍റെ യഥാർത്ഥമുഖം ഇതിലൂടെ വ്യക്തമായെന്നും മോദി വിശദമാക്കി.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതിനെയും മോദി പരിഹസിച്ചു. കോൺഗ്രസിന് ഭരണമുളള കർണാടകത്തിൽ മത്സരിക്കാതെ രാഹുൽ കേരളത്തിലേക്ക് പോയിരിക്കുകയാണ്. സഖ്യകക്ഷിയായ ജെ.ഡി.എസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് കേരളത്തിൽ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേവഗൗഡയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പിന്നിൽ നിന്ന് കുത്തിയ ആളാണ് സോണിയ ഗാന്ധി. മകനെ തോൽപ്പിച്ച് സോണിയയോട് ദേവഗൗഡ പക വീട്ടുമെന്ന പേടി ഉള്ളത് കൊണ്ടാണ് രാഹുൽ കേരളത്തിലേക്ക് പോയതെന്നും മോദി പരിഹസിച്ചു.