നാഗ്പുർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. വയനാട്ടിൽ നടന്ന റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ലെന്നാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ പരാമർശം. നാഗ്പുരിൽ നിതിൻ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വർഗീയ പരാമർശം.
"വയനാട്ടിൽ നടന്ന റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുൽ മത്സരിക്കുന്നതെ"ന്നും അമിത് ഷാ പ്രസംഗത്തിൽ ചോദിക്കുന്നു. ഏപ്രിൽ നാലിന് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക നൽകാനെത്തിയപ്പോൾ മുസ്ലിം ലീഗ് പ്രവർത്തകർ കൊടിയുമേന്തി നടത്തിയ റാലിയെ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.
ഇന്ത്യ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയപ്പോൾ രാജ്യം മുഴുവൻ സന്തോഷത്തിലായിരുന്നു. എന്നാൽ, പാകിസ്ഥാനും കോൺഗ്രസ് പാർട്ടിയും ദുഃഖത്തിലായി. കോൺഗ്രസിന്റെ സാം പിത്രോഡ പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. മുസ്ലിം ലീഗിന്റെ പതാക പാകിസ്ഥാന്റെ പതാകയാണെന്ന തരത്തിലുള്ള പ്രചാരണം നേരത്തെയും നടന്നിരുന്നു. കൂടാതെ, വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.