imran-khan-modi

ഇസ്ലാമാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ജയിക്കുകയാണെങ്കിൽ സമാധാന ചർച്ചയ്‌ക്ക് കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി നയിക്കുന്ന സർക്കാറാണ് അടുത്തതായി വരാൻ പോകുന്നതെങ്കിൽ കാശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായി ഒരു ഒത്തുതീർപ്പ് ആവശ്യപ്പെടാൻ ഭയമായിരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.


‘ഒരു പക്ഷേ വലതുപക്ഷ പാർട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കിൽ കാശ്‌മീർ വിഷയത്തിൽ ചില തരത്തിലുള്ള ഒത്തുതീർപ്പിൽ എത്തിച്ചേരാനിടയുണ്ട്. ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണേണ്ടിവരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യയിൽ മുസ്‌ലീങ്ങൾ ആക്രമിക്കപ്പെടുകയാണ്. നേരത്തെ മുസ്‌ലീങ്ങൾ ഇന്ത്യയിൽ സന്തുഷ്ടരായിരുന്നു. എന്നാലിപ്പോൾ അവർ തീവ്ര ഹിന്ദു ദേശീയത കാരണം അങ്ങേയറ്റം ഭീതിയിലാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. കാശ്‌മീർ ജനതയ്‌ക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പ്രത്യേക അവകാശം എടുത്തുമാറ്റുമെന്ന് ബി.ജെ.പി കഴിഞ്ഞദിവസം പുറത്തുവിട്ട പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. അത് വലിയ ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണെന്നും ഇമ്രാൻ വ്യക്തമാക്കി.