puttingal

കൊല്ലം: 110 പേരുടെ ജീവൻ നഷ്ടമാകുകയും ഏഴുനൂറിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് മൂന്നാം വാർഷികം. 2016 ഏപ്രിൽ 10 ന് പുലർച്ചെ 3.15 ഓടെയായിരുന്നു മഹാദുരന്തം.

പുറ്റിംഗലമ്മയുടെ തിരുനാളായ മീന ഭരണിദിനത്തിൽ പതിവ് പോലെ ഉത്സവത്തിമിർപ്പിലായിരുന്നു അന്ന് പുറ്റിംഗൽ ദേശം. ദൂരെ സ്ഥലങ്ങളിൽ നിന്നപോലും വെടിക്കെട്ട് കണ്ടാസ്വദിക്കാൻ ആളുകളെത്തി. ആകാശത്ത് അമിട്ടുകൾ മഴവില്ലഴക് സൃഷ്ടിച്ചു. ഗുണ്ടുകൾ ഇടിമിന്നൽ പോലെ പ്രകമ്പനം തീർത്തു. അപ്പോഴാണ് ആയിരം അമിട്ടുകൾ ഒരുമിച്ച് പൊട്ടിയ പോലെ, ഉഗ്ര സ്‌ഫോടനം ഉണ്ടായത്.

ശരീരഭാഗങ്ങൾ ചിതറി ചോര ചീറ്റി. യുദ്ധഭൂമി പോലെ ചേതയനയറ്റ ശരീരങ്ങൾ. ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നൂറ് കണക്കിന് പേർ. ചെറിയ മുറിവേറ്റവർ തന്നെ ആദ്യം രക്ഷാപ്രവർത്തകരായി, താമസിയാതെ കൂടുതൽ ഫയർഫോഴ്സും പൊലീസുമെത്തി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും അർദ്ധപ്രാണനായി കിടന്നവരെയും വാരിയെടുത്ത് ആംബുലൻസുകൾ പാഞ്ഞു. മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു. പൊള്ളലേറ്റും പരിക്കേറ്റും ചികിത്സയിലായിരുന്ന പലരും ആശുപത്രികളിൽ മരണത്തിന് കീഴടങ്ങി.

ചെറു തീപ്പൊരി കമ്പപ്പുരയിൽ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. വെടിക്കെട്ട് സാമഗ്രികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് കോൺക്രീറ്റ് കമ്പപ്പുര തകർന്നത് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കോൺക്രീറ്റ് ചീളുകൾ പതിച്ചാണ് പലർക്കും സാരമായി പരിക്കേറ്റത്. കോൺക്രീറ്റ് ചീളുകൾ രണ്ട് കിലോ മീറ്രർ അപ്പുറം പതിച്ചും ആളുകൾ മരിച്ചു.

പരിസരത്തെ എല്ലാ വീടുകൾക്കും കേടുപാട് സംഭവിച്ചെങ്കിലും ക്ഷേത്ര ശ്രീകോവിലിന് ഒന്നും പറ്റിയിരുന്നില്ല. തൊട്ടടുത്ത വർഷം ഉത്സവ ചടങ്ങുകൾ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ചെറിയ നിലയിലായിരുന്നു ഉത്സവാഘോഷം. എന്നാൽ ഇത്തവണ വെടിക്കെട്ട് ഇല്ലാതെ ഗംഭീരമായാണ് ഉത്സവം ആഘോഷിച്ചത്.

ദുരന്തം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 59 പേരാണ് പ്രതികൾ. ഇതിൽ ഏഴുപേർ ദുരന്തത്തിൽ മരണമടഞ്ഞിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌