ബാംഗ്ലൂർ: മാസങ്ങളോളം ശമ്പളം നൽകാത്തതിനെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ മുതലാളിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്ഥാപനത്തിലെ നാല് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരുവിലെ ഹാലസുരുവിലാണ് സംഭവം. സുജയ് (23) നടത്തുന്ന കമ്പനിയിൽ ഏഴ് മാസത്തോളമായി ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാർച്ച് 21നാണ് സ്ഥാപനത്തിലെ ഏഴ് ജീവനക്കാർ സുജയിയെ തട്ടിക്കൊണ്ടുപോയത്.
ശമ്പളം നൽകാത്തതിൽ സുജയിയെ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശമ്പളം നൽകാമെന്ന് സുജയ് വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ, തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് സുജയ് ഹാലുസുരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.