rip

തൃശൂർ : കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ അഞ്ചര വർഷമായി ഒരു കുഞ്ഞ് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നു എന്നത് ഒരു പക്ഷേ ഇന്നലെയായിരിക്കും പലരും അറിഞ്ഞത്. വൈദ്യശാസ്ത്രത്തിന് അദ്ഭുതം സമ്മാനിച്ച്, കണ്ണീർ ചാലുകൾ വറ്റിയ അമ്മയുടെ മുഖത്ത് സന്തോഷം പടർത്തി സച്ചുമോൻ ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ അഞ്ചര വർഷം വെന്റിലേറ്ററിൽ ജീവന്റെ തുടിപ്പുകൾ സൂക്ഷിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലെ ഐ.സി.യു.വിലായിരുന്നു കഴിഞ്ഞ അഞ്ചരവർഷമായി അദ്രിദാസ് എന്ന സച്ചുമോൻ കഴിഞ്ഞിരുന്നത്.

വടക്കാഞ്ചേരി, മുള്ളൂർക്കര മന്ദലാംകുന്ന് കൊല്ലമാക്കൽ ശിവദാസിന്റെയും സവിതയുടെയും ഏഴുവയസ്സുള്ള മകനായ അദ്രിദാസിന്റെ ശരീരം നീലനിറമായിമാറിയത് 2013 ഡിസംബറിലായിരുന്നു. ആദ്യം തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലുമായിരുന്നു ചികിത്സ. തലച്ചോറിലെ നീർക്കെട്ടാണ് അസുഖകാരണം എന്ന് കണ്ടെത്തിയത് ശ്രീചിത്രയിലെ ചികിത്സയിലായിരുന്നു. എന്നാൽ തുടർ ചികിത്സയിലൊന്നും രോഗം ഭേദമായില്ല. തുടർന്ന് തിരികെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തിൽ ഒരു സംഘമായിരുന്നു അദ്രിദാസിനെ ചികിത്സിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിന് അദ്ഭുതം സമ്മാനിച്ച് സച്ചുമോൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് നീണ്ട അഞ്ചര വർഷം വെന്റിലേറ്റർ സൗകര്യം കുഞ്ഞിനായി മാറ്റിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഇതിന്റെ പേരിൽ ഒരുപാട് പഴി ഡോക്ടർമാർ കേൾക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് ഇന്നലെ രാവിലെ പത്ത് മണിക്ക് സച്ചുമോൻ മടങ്ങുകയായിരുന്നു. മിഴികൾ മാത്രം ചലിക്കുമായിരുന്ന മകന് വേണ്ടി പ്രാർത്ഥിച്ച് അമ്മ സവിത എന്നും വെന്റിലേറ്ററിൽ അവന്റെ അടുത്തുണ്ടായിരുന്നു.