modi

അഹമ്മദാബാദ്: അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവുള്ളത് കഴുതകൾക്ക് മാത്രമാണെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ അർജുൻ മോദ്‌വാഡിയയാണ് പ്രധാനമന്ത്രി മോദിക്കെതിരെ പരോക്ഷമായ പരിഹാസവുമായി രംഗത്തെത്തിയത്. 2014ൽ ഒരു പ്രസംഗത്തിനിടെ തന്നേപ്പോലെ അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ഉള്ളവർക്ക് മാത്രമേ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ എന്ന് മോദി പ്രസംഗിച്ചിരുന്നു. പലതവണ പ്രതിപക്ഷം ഇതിനെ പരിസഹിച്ച് രംഗത്തുമെത്തിയിരുന്നു.

ബാണസ്‌കന്ത ജില്ലയിലെ ദീസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദ്‌വാഡിയ വക 'കഴുത പരാമർശം'. 'ആരോഗ്യവാനായ ഒരു മനുഷ്യന്റെ നെഞ്ചളവ് 36 ഇഞ്ചാണ്.ബോഡി ബിൽഡർ ആണെങ്കിൽ 42 ഇഞ്ച് വരെയാകാം. എന്നാൽ കഴുതകൾക്ക് മാത്രമാണ് അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവ് ഉണ്ടാകുക. ചില കാളകളുടെ നെഞ്ചളവ് 100 ഇഞ്ചാണ്'- മോദ്‌വാഡിയയുടെ വാക്കുകൾ. മോദിയുടെ ഭക്തർക്കും അണികൾക്കും ഇക്കാര്യങ്ങളെക്കുറിച്ച്‌ ബോധ്യമില്ലെന്നും തങ്ങളുടെ നേതാവിന് അമ്പത്താറ് ഇഞ്ച് നെഞ്ചളവ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതവരെ സന്തുഷ്‌ടരാക്കുമെന്നും മോദ്‌വാഡിയ കൂട്ടിച്ചേർത്തു.

എന്നാൽ ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തോറ്റുപോകുമെന്ന് ഭയന്ന്‌ കോൺഗ്രസിന്റെ മാനസിക നില തകരാറിലായിരിക്കുകയാണെന്നും ഇത്തരം പരാമർശങ്ങൾ അത്യന്തം ഹീനമാണെന്നും അപലപിക്കപ്പെടേണ്ടതാണെന്നും ബി.ജെ.പി വക്താവ് ഭരത് പാണ്ഡ്യ പ്രതികരിച്ചു.