ജറുസലേം: തുടർച്ചയായി അഞ്ചാം തവണയും ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബഞ്ചമിൻ നെതന്യാഹു. ഇത്തവണ റെക്കോർഡ് വിജയമാണ് നെതന്യാഹു നേടിയിരിക്കുന്നത്. 97 ശതമാനം വോട്ടുകളും എണ്ണിത്തീർന്നു. നെതന്യാഹുവിന്റെ 'ലിക്കുദ് പാർട്ടി' നെസറ്റിലെ 37 സീറ്റുകൾ നേടിയിട്ടുണ്ട്. ബെന്നി ഗാന്റ്‌സിന്റെ 'ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി' 36 സീറ്റുകൾ നേടിയിട്ടുണ്ട്. 120 സീറ്റുകളാണ് ഇസ്രയേൽ പാർലമെന്റായ നെസറ്റിനുള്ളത്.
ഇന്നുവരെ ഇവിടെ ഒരു പാർട്ടിയും ഒറ്റയ്‌ക്ക് ഭരിച്ച ചരിത്രമില്ല. കഴിഞ്ഞ 13 വർഷമായി നെതന്യാഹുവാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രി. ഈ വിജയത്തോടെ ഇസ്രയേൽ രാഷ്ട്രപിതാവ് ബെൻ ഗൂറിയൻ ഭരിച്ചതിലും കാലം അധികാരത്തിൽ തുടരാനുള്ള അവസരമാണ് നെതന്യാഹുവിന് കൈവരുന്നത്.