benjamin-netanyahu

ജറുസലേം: നിർണായക തിരഞ്ഞെടുപ്പിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അ‌ഞ്ചാം തവണയും അധികാരം നിലനിറുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ സൈനിക മേധാവിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവുമായ ബെന്നി ഗ്ലാൻസ് ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് റെക്കോർഡ് നേട്ടവുമായി വലതുപക്ഷ ലിക്കുഡ് പാർട്ടിയുടെ നേതാവ് നെതന്യാഹു ലോകത്തെ ഏക ജൂതരാജ്യത്തിലെ അധികാരം നിലനിറുത്തിയത്. എന്നാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച മാത്രമേ പുറത്തുവരൂ.

2009ൽ അധികാരത്തിലേറിയ നെതന്യാഹുവിനെതിരെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിരവധി അഴിമതി ആരോപണങ്ങൾ ഉയന്നിരുന്നു. എന്നാൽ 97 ശതമാനം വോട്ടുകളും എണ്ണിത്തീർന്നപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 37 സീറ്റുകളും ബെന്നി ഗ്ലാൻസിന്റെ പാർട്ടി 36 സീറ്റുകൾ നേടി. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാൻ കഴിയാത്തതിനാൽ 120 സീറ്റുകളുള്ള ഇസ്രയേൽ പാർലമെന്റ് ഭരിക്കുന്നത് സഖ്യസർക്കാർ ആയിരിക്കും. ഇതിനായുള്ള ചർച്ച തുടങ്ങിയതായി നെതന്യാഹു വ്യക്തമാക്കി. ഒരിക്കൽ കൂടി പ്രധാനമന്ത്രി പദത്തിൽ എത്താൻ സാധിച്ചാൽ ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ ഭരിച്ച രാഷ്ട്രപിതാവ് ബെൻ ഗൂറിയന്റെ റെക്കോ‌ർഡ് മറികടക്കാനും നെതന്യാഹുവിന് കഴിയും.