social-media

മുഖം പുറത്ത് കാണാനാവാതെ ഭാര്യയോട് പർദ്ദയണിയാൻ നിർബന്ധിക്കുന്ന സമൂഹത്തെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് ദി മ്യൂലി വെഡ്സ് എന്ന ഫേസ്ബുക്ക് പേജ്. മുഖം മറച്ച് ഭർത്താവിനൊപ്പം നിൽക്കുന്ന യുവതിയുടെ ചിത്രമാണ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്

ഇതാണ് എന്റെ സുന്ദരനായ ഭർത്താവ്, പക്ഷേ അദ്ദേഹം എത്രത്തോളം സുന്ദരനാണെന്ന് നിങ്ങൾക്ക് കാണുവാൻ കഴിയുകയില്ല കാരണം അതെന്റെ മാത്രം അവകാശമാണ്. അവന്റെ നേട്ടങ്ങൾ, സ്വപ്നങ്ങൾ അതെല്ലാം എനിക്ക് മാത്രമായിട്ടുള്ളതാണ്. അവനോട് വീട്ടിലിരിക്കാൻ നിർദ്ദേശിക്കാറുണ്ട് കാരണം ഈ ലോകം മോശമാണ്. ഇനി എന്റെ കൂടെ അവൻ പുറത്ത് വരുന്നത് കുഴപ്പമുള്ള കാര്യമല്ല, പക്ഷേ പുറത്ത് പോകുമ്പോൾ നന്നായി ശരീരം മറയ്ച്ച് മാത്രമേ ഇറങ്ങാറുള്ളൂ കാരണം എനിക്കത് ഇഷ്ടമാണ്. പിന്നെ അദ്ദേഹം പീഡനത്തിന് ഇരയാവാൻ ഞാനാഗ്രഹിക്കുന്നില്ല. ഇനി ഇങ്ങനെ നടന്നാലും പീഡനത്തിനിരയായാൽ അത് വിധിയാണെന്ന് കരുതും. എന്നാൽ ഒരു സ്ത്രീയായ എനിക്ക് എന്തുവസ്ത്രവും ധരിക്കാം.... ഈ വിധമാണ് ഫോട്ടോയ്ക്ക് അനുബന്ധമായിട്ടുള്ള നീണ്ട കുറിപ്പിൽ പറയുന്നത്.

വിവാഹിതരായ രണ്ട് പേരാണ് ദി മ്യൂലി വെഡ്സ് എന്ന പേജ് ആരംഭിച്ചിരിക്കുന്നത്. ലിംഗ നീതിയ്ക്കായി പരിഹാസത്തിന്റെ മേമ്പൊടി ചേർത്തുള്ള പോസ്റ്റുകളിലൂടെയാണ് ഈ പേജ് ശ്രദ്ധേയമാവുന്നത്.