mehbooba-mufti

ന്യൂഡൽഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾ കൂടുതൽ മെച്ചപ്പെടുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രസ്ഥാവനയ്‌ക്ക് പിന്നാലെ ബി.ജെ.പിയെയും മോദിയെയും പരിഹസിച്ച് കാശ്മീരിലെ നേതാക്കളായ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും രംഗത്തെത്തി. ഭക്തർ ഇപ്പോൾ കൺഫ്യൂഷനിലായിരിക്കുമല്ലോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മെഹബൂബ മുഫ്തി രംഗത്തെത്തിയത്. ”ഇമ്രാൻ ഖാന്റെ നടപടിയെ പ്രശംസിക്കണോ അതോ വേണ്ടയോ എന്നാലോചിച്ച് ഭക്തർ ഇപ്പോൾ അവരുടെ തല ചൊറിയുന്നുണ്ടാകും”- മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

രാഹുലിന് അനുകൂലമായിട്ടായിരുന്നു ഇമ്രാൻ ഖാൻ സംസാരിച്ചിരുന്നതെങ്കിൽ കോൺഗ്രസിനെതിരെ ഭക്തരുടെ ആക്രമണം ഇതിനകം ഉണ്ടാകുമായിരുന്നല്ലോ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പരിഹാസം. ”ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി രാഹുൽ വരുമായിരുന്നു എന്നാണ് പറഞ്ഞിരുന്നെങ്കിൽ എല്ലാ ചൗക്കിദാറുകളും കൂടി ചേർന്ന് രാഹുലിനേയും കോൺഗ്രസിനേയും ഇപ്പോൾ എങ്ങനെയെല്ലാം ആക്രമിക്കുമായിരുന്നു? ആരാണ് ഇവിടെ ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്- ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കണമെന്നാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് നിരവധി പ്രസംഗങ്ങളിൽ മോദി ആവർത്തിച്ചതാണെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.