ചെന്നെെ: ചെന്നെെ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ് ധോണിയും ഭാര്യ സാക്ഷിയും എയർപോട്ടിൽ മോർണിംഗ് ഫ്‌ളൈറ്റിന് കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തറയിൽ ബാഗ് തലയിണയാക്കി ധോണിയും സാക്ഷിയും ഉറങ്ങുന്നതാണ് ഈ ചിത്രത്തിലുള്ളത്. ചെപ്പോക്കിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീമും.
ഈ ചിത്രമാണ് ധോണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകർക്കായി പങ്കുവച്ചത്. 'ഐ.പി.എല്ലിലെ മത്സരക്രമവുമായി പൊരുത്തപ്പെട്ടു പോകുകയും നിങ്ങളുടെ വിമാനം രാവിലെ ആകുകയും ചെയ്താൽ സംഭവിക്കുന്നത് ഇതായിരിക്കും' എന്ന കുറിപ്പോടെയാണ് ധോണി ചിത്രം പങ്കുവെച്ചത്. അതേസമയം ഇത്രയും പ്രശസ്തനായ ക്രിക്കറ്റ് താരമായിട്ടും ധോണി സാധാരണക്കാരനാണ് എന്നതിന്റെ തെളിവാണ് ഈ ചിത്രമെന്നാണ് ആരാധകർ പറയുന്നത്. ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ധോണിക്ക് വേണമെങ്കിൽ വിശ്രമിക്കാനായി ഫസ്റ്റ് ക്ലാസ് ലോഞ്ച് ഉപയോഗിക്കാമായിരുന്നു. എന്നാൽ, ധോണി ഇഷ്ടപ്പെടുന്നത് ടീമിനൊപ്പം നിൽക്കാനാണെന്നും ആരാധകർ പറയുന്നു.