ആലപ്പുഴ: പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നണികളും സ്ഥാനാർത്ഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്നു മുന്നണികളും ഒന്നിനൊന്ന് മെച്ചം. നാടിളക്കിയുള്ള പ്രചാരണമാണ് ഇനിയുള്ള ദിവസങ്ങളിൽ കാണാനിരിക്കുന്നത്. അതിലാണ് ആടിനിൽക്കുന്ന വോട്ടുകൾ മറിയുന്നത്. ആലപ്പുഴ എൽ.ഡി.എഫിന് ഉറപ്പുള്ള മണ്ഡലമെന്ന് പ്രചാരണത്തിൻെറ ആദ്യഘട്ടത്തിൽ തോന്നലുണ്ടായിരുന്നെങ്കിലും ഇപ്പോൾ തുല്യശക്തികളായി മാറിയിരിക്കുകയാണ്. വിജയം ആർക്കും അത്ര എളുപ്പമല്ലെന്ന രീതിയിലേക്ക് പ്രചാരണം മാറിയിരിക്കുന്നു.
സ്വീകരണങ്ങളിൽ കാണുന്ന ജനപങ്കാളിത്തം അതിന് തെളിവായി മാറുകയാണ്. കെ.സി.വേണുഗോപാൽ നേടിയ വിജയം നിലനിറുത്താനുള്ള പാേരാട്ടത്തിലാണ് ഷാനിമോൾ ഉസ്മാൻ. ഏറെ വർഷങ്ങൾക്കുശേഷം ഒരു വനിത ആലപ്പുഴയിൽ സ്ഥാനാർത്ഥിയായി എത്തിയതിൻെറ പകിട്ടോടെയാണ് ഷാനിമോൾ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. വനിത എന്ന നിലയിൽ കിട്ടുന്ന അംഗീകാരം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവർ. ഡി.സി.സി പ്രസിഡൻറ് എം. ലിജു തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത് മണ്ഡലം നിലനിറുത്തുക എന്ന കർത്തവ്യത്തോടെയാണ്.
പ്രചാരണത്തിൻെറ ആദ്യഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിനായിരുന്നു മുൻതൂക്കം. രണ്ടാംഘട്ടമെത്തിയതോടെ അത് തുല്യ നിലയിലായി. മൂന്നാംഘട്ടത്തിലുള്ള മുന്നേറ്റമാണ് ഏറ്റവും പ്രധാനം. ചില ചാനലുകൾ നടത്തിയ എക്സിറ്റ്പോളിൽ ഷാനിമോൾക്ക് മുൻതൂക്കം പ്രഖ്യാപിച്ചത് കോൺഗ്രസ് പ്രവർത്തകരിലും നേതാക്കളിലും ആവേശം ഉയർത്തിയിരിക്കുകയാണ്. എന്നാൽ എക്സിറ്റ്പോളുകളെ എൽ.ഡി.എഫ് തളളിക്കളയുകയാണ്. എക്സിറ്റ് പോളുകളല്ല വിജയം നിർണയിക്കുന്നതെന്നും അതിനപ്പുറത്തേക്ക് തങ്ങളുടെ വിജയത്തിൻെറ തേരോടുമെന്നും എൽ.ഡി.എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. അതിനായി അരയും തലയും മുറുക്കിയുള്ള പേരാട്ടത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. ഓരോ ബൂത്തിലും വോട്ട് മറിക്കേണ്ട രീതിയും പാർട്ടിയുടേതല്ലാത്ത വോട്ടുകൾ ഓരോ പ്രവർത്തകനും കണ്ടെത്തി തങ്ങളുടേതാക്കേണ്ടതിൻെറ ആവശ്യകതയും വ്യക്തമാക്കിക്കൊണ്ടാണ് എൽ.ഡി.എഫ് നീങ്ങുന്നത്. ഇതിനോടകം മൂന്നും നാലും വട്ടം ഭവനസന്ദർശനങ്ങൾ പൂർത്തിയാക്കി.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ പുതിയൊരു ചരിത്രം രചിക്കാനുള്ള പുറപ്പാടിലാണ്. ബി.ജെ.പിക്ക് മണ്ഡലത്തിലുള്ള വോട്ടുകൾക്കൊപ്പം മറ്റ് വോട്ടുകളും സമാഹരിക്കാനുള്ള പ്രചാരണച്ചൂളയിലാണ് അദ്ദേഹം. മണ്ഡലത്തിൻെറ എല്ലാ കോണിലും സ്ഥാനാർത്ഥിയുടെ സജീവസാന്നിദ്ധ്യമുണ്ട്. മോദി സർക്കാരിൻെറ വികസന നേട്ടങ്ങൾ നിരത്തിയാണ് രാധാകൃഷ്ണൻ വോട്ടർമാരെ സമീപിക്കുന്നത്.