ന്യൂഡൽഹി: റാഫേൽ കരാറിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ വിധിക്കെതിരെ സമർപ്പിച്ച റിവ്യൂ ഹർജിയിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്‌ടിക്കപ്പെട്ട രേഖകളും പരിശോധിക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ആയുധമാക്കി പ്രതിപക്ഷം. റാഫേലിൽ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് സുപ്രീം കോടതിക്കും ബോധ്യപ്പെട്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പ്രിയ പ്രധാനമന്ത്രി, അഴിമതിയെക്കുറിച്ച് എന്നോട് സംവാദത്തിലേർപ്പെടാൻ താങ്കൾക്ക് ഭീതിയുണ്ടോ? ഞാൻ താങ്കൾക്ക് അത് കുറച്ച് എളുപ്പമാക്കിത്തരാം. താങ്കൾക്ക് തയ്യാറെടുപ്പ് നടത്താം. 1-റാഫേലും അനിൽ അംബാനിയും, 2- നീരവ് മോദി, 3- അമിത് ഷായും നോട്ട് അസാധുവാക്കലും. ഈ മൂന്ന് വിഷയങ്ങളിൽ സംവാദം നടത്താമെന്നും അമേത്തിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം രാഹുൽ ഗാന്ധി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ റാഫേൽ കേസിൽ കോടതി പുനപരിശോധഹർജികൾ പരിഗണിക്കുന്നത് തിരിച്ചടിയാകുമോ എന്നാണ് ബി.ജെ.പിയുടെ ആശങ്ക. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്‌ടിക്കപ്പെട്ട രേഖകൾ തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി നിലപാട്, റാഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ ഇടപെടലുകളും ചർച്ചയാക്കുമെന്ന് ഉറപ്പാണ്. കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകേണ്ടി വരും. റാഫേൽ അഴിമതി ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന വിധം ഡിസംബർ 14നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് എകകണ്ഠമായി വിധി പറഞ്ഞത്. സി.എ.ജി റിപ്പോർട്ടിനെക്കുറിച്ചുള്ള പരാമർശമുൾപ്പെടെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും മുൻകേന്ദ്രമന്ത്രിമാരായ അരുൺഷൂരിയും യശ്വന്ത് സിൻഹയും പുനഃപരിശോധനാഹർജി നൽകുകയായിരുന്നു. എന്നാൽ ഇതിനൊപ്പം സമർപ്പിക്കപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്‌ടിക്കപ്പെട്ടതാണെന്നും അവ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.
റാഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പ് അറിയിച്ചിരുന്നുവെന്നാണ് പുറത്തുവന്ന ഒരു രേഖയിൽ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയവും റാഫേലുമായി ചർച്ച നടത്തിയ ഇന്ത്യൻ സംഘവും മുന്നോട്ടുവച്ച നിലപാടിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ടുവയ്ക്കുന്നതെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ കുറിപ്പു നൽകിയിരുന്നു, ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും റിപ്പോർട്ട് പുറത്തുവിട്ടവർ അവകാശപ്പെട്ടു. ഇതിന് പിന്നാലെ റാഫേൽ ഇടപാടിൽ അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന പല രേഖകളും ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. ഇക്കാര്യം കോൺഗ്രസ് ഏറ്റെടുക്കുന്നതോടെ മറുപടി പറഞ്ഞ് ബി.ജെ.പിയും കേന്ദ്രസർക്കാരും കുഴയുമെന്ന് ഉറപ്പാണ്.