തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജ് എൻ.ഡി.എയിലേക്ക് ചേരാനൊരുങ്ങുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ടയിലുണ്ടാകുമെന്ന് പി.സി ജോർജ് വ്യക്തമാക്കി. ഇക്കാര്യത്തിൽ എൻ.ഡി.എ നേതൃത്വവുമായി ജോർജ് കഴിഞ്ഞ കുറച്ചു നാളുകളായി ചർച്ചകൾ നടത്തി വരികയായിരുന്നു. നേരത്തെ ശബരിമല വിഷയത്തിൽ പി.സി ജോർജ് ബി.ജെ.പിയുമായി സഹകരിച്ചിരുന്നു.
നിയമസഭയിൽ പാർട്ടി അംഗം രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് ഇരുന്ന പി.സി ജോർജിന്റെ ചിത്രം വാർത്തയായിരുന്നു. ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി സത്യകുമാർ, സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കേരള ജനപക്ഷം സെക്യുലർ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്കായിരിക്കും പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്.