bees

തായ്‌വാൻ: യുവതിയുടെ കണ്ണിൽ നിന്നും ദിവസങ്ങളായി കണ്ണുനീർ ഭക്ഷിച്ച് കഴിയുന്ന നാല് ഈച്ചകളെ ജീവനോടെ കണ്ടെത്തി. തായ്‌വാനിലെ ഫോയിൻ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാറാണ് യുവതിയുടെ കണ്ണിൽ നിന്നും ഈച്ചകളെ പുറത്തെടുത്തത്. കണ്ണ് വീർത്തിരിക്കുന്നതിനെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് കൺപോളകൾക്കിടയിൽ കൂടിയിരിക്കുന്ന ഈച്ചകളെ പുറത്തെടുത്തതെന്ന് ഡോക്ടർ ഹാംഗ് ടി.ചിൻ പറഞ്ഞു.

ഷഡ്പദങ്ങളുടെത് പോലുള്ള കാലുകളാണ് കൺപോളയിൽ ആദ്യം കണ്ടത്. തുടർന്നാണ് മെെക്രോസ്കോപ് വഴി പരിശോധന നടത്തിയതെന്നും ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും ഡോക്ടർ ഹാംഗ് ടി.ചിൻ പറഞ്ഞു. അടുത്തിടെ ബന്ധുവിന്റെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെ എന്തോ കണ്ണിൽ പോയതായി യുവതിക്ക് തോന്നിയിരുന്നു. എന്നാൽ,​ ആ സമയത്ത് ശ്രദ്ധിച്ചിരുന്നില്ലെന്നും യുവതി അഴുക്ക് വെള്ളത്തിൽ കണ്ണ് കഴുകിയതായും അവർ പറഞ്ഞു.

അടുത്ത ദിവസമാണ് കണ്ണിന് അസഹനീയമായ വേദനയും,​ വീർക്കുകയും ചെയ്തത്. തുടർന്ന് ചികിത്സ തേടുകയായിരുന്നു. അഞ്ച് ദിവസം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് 80% കാഴ്ച ശക്തി തിരികെ ലഭിച്ചതെന്നും,​ യുവതി കണ്ണ് തിരുമ്മാത്തതിനാലാണ് കാഴ്ച നഷ്ടപ്പെടാതിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. ചെറു തേനീച്ചകൾ അഥവാ ഹൽക്കിറ്റിഡെ തേനീച്ചകളാണ് ഇവ. മനുഷ്യന്റെ വിയർപ്പ് ആകർഷിക്കുന്നവയാണ് ഇത്തരം ഈച്ചകൾ. പർവത പ്രദേശത്തും ശവക്കല്ലറകൾക്കടുത്തുമാണ് ഇത്തരം ഈച്ചകളെ പൊതുവെ കാണാറെന്നും ഡോക്ടർമാർ പറഞ്ഞു.