rahul-2

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ അമേതിയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരിഭർത്താവ് റോബർട്ട് വാദ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം മൂന്ന് കിലോമീറ്ററോളം റോഡ് ഷോ നടത്തിയാണ് ഗൗരിഗഞ്ചിലെ കളക്ടറേറ്റ് ഓഫീസിൽ രാഹുലെത്തിയത്. പ്രിയങ്ക-വാദ്ര ദമ്പതികളുടെ മക്കളായ റെയ്‌ഹാൻ, മിരായ എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു.

ഇത് നാലാം തവണയാണ് രാഹുൽ ഗാന്ധി അമേതിയിൽ നിന്ന് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതേസമയം, യു.പിയിലെ എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യം അമേതിയിൽ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല. 2014ലെ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് രാഹുൽ സ്മൃതിയെ അമേതിയിൽ തോൽപ്പിച്ചത്. സ്മൃതിയുടെ പത്രികാസമർപ്പണം ഇന്നാണ്. രാഹുലിന്റെ റോഡ് ഷോ നടന്ന അതേസ്ഥലത്തുതന്നെ ഇന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കുന്ന റോഡ്ഷോയും ഉണ്ടാകും.

രണ്ടാം മണ്ഡലമായ കേരളത്തിലെ വയനാട്ടിൽ ഇക്കഴിഞ്ഞ നാലിന് പ്രിയങ്കയ്ക്കൊപ്പമെത്തി രാഹുൽ പത്രിക സമർപ്പിച്ചിരുന്നു. അതേസമയം, സുരക്ഷാ കാരണങ്ങളാൽ, യു.പി.എ അദ്ധ്യക്ഷ കൂടിയായ സോണിയ ഗാന്ധി, റോഡ് ഷോയിൽ പങ്കെടുത്തില്ല. സോണിയ തന്റെ മണ്ഡലമായ റായ്ബറേലിയിൽ ഇന്ന് പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മേയ് ആറിനാണ് അമേതിയിൽ തിരഞ്ഞെടുപ്പ്.