ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച പി.എം. നരേന്ദ്രമോദി എന്ന സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദർശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. നേരത്തെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും പരാതിക്കാർ സമീപിച്ചിരുന്നു. എന്നാൽ ഈ അവസരങ്ങളിലൊന്നും ബോളിവുഡിലെ താരങ്ങൾ പിന്തുണയുമായി എത്തിയില്ലെന്ന് ചിത്രത്തിൽ മോദിയുടെ വേഷമണിയുന്ന നടൻ വിവേക് ഒബ്‌റോയ് പ്രതികരിച്ചു. ഇതിന് മുൻപ് പദ്മാവതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയർന്നപ്പോൾ ബോളിവുഡ് ഒന്നടങ്കം പിന്തുണയുമായി എത്തിയെന്നും ചിത്രത്തിന് വേണ്ടി പരസ്യമായി സംസാരിക്കുവാൻ തയ്യാറായെന്നും അതേസമയം പി.എം.മോദി പ്രതിസന്ധിയിൽപെട്ടപ്പോൾ അത്തരത്തിൽ ആരും സംസാരിക്കാനെത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫി എടുക്കാൻ തിടുക്കം കാണിക്കുന്ന ബോളിവുഡ് അദ്ദേഹത്തിന്റെ സിനിമയുടെ കാര്യത്തിൽ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ ഈ അനുഭവത്തിൽ നിന്നും മനസിലാകുന്നത് ബോളിവുഡിൽ ഐക്യമില്ലെന്നാണ് എന്നും അദ്ദേഹം പറയുന്നു.