kanaya

ജന്മനാട്ടിൽ ചുവപ്പൻ ആറാട്ടുമായി കനയ്യ കുമാറിന്റെ റോഡ് ഷോ. ജന്മനാടായ ബീഹാറിലെ ബെഗുസരായ് മണ്‌ഡലത്തിലെ സി.പി.ഐ സ്‌ഥാനാർത്ഥിയായ കനയ്യയ്‌ക്ക് അനുയായികൾ ഗംഭീര വരവേൽപ്പാണൊരുക്കിയത്. ബെഗുസരായ് പട്ടണത്തെ കിടിലം കൊള്ളിയ്‌ക്കുന്ന പ്രകടനമായിരുന്നു ചൊവ്വാഴ്‌ച നടന്നത്. കൂട്ടൻ ഡ്രമ്മുകളടിച്ചും വൻ ബൈക്ക് റാലി സംഘടിപ്പിച്ചുമാണ് പ്രവർത്തകർ പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടിയത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കാളികളായി. ബോളിവുഡ് താരം സ്വര ഭാസ്കർ,​ മനുഷ്യാവകാശ പ്രവർത്തകനും ഗുജറാത്തിൽ നിന്നുള്ള എം.എൽ.എയുമായ ജിഗ്‌നേഷ് മേവാനി,​ മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്,​ ആക്‌ടിവിസ്‌റ്റും ജെ.എൻ.യു. സ്‌റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റുമായ ഷെഹ്‌ല റെഷീദ്,​ രണ്ട് വർഷം മുൻപ് ജെ.എൻ.യുവിൽ നിന്ന് അപ്രത്യക്ഷനായ നജീബ് അഹമ്മദിന്റെ അമ്മ ഫാത്തിമ നഫീസ് എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ചുവന്ന പതാകയേന്തിയ പ്രവർത്തകരുടെ നീണ്ടനിര റോഡ് ഷോയിൽ പങ്കുചേർന്നു. ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി.

നരേന്ദ്രമോദി ഭരണത്തിൽ നിശബ്‌ദമാക്കപ്പെട്ട പ്രതിപക്ഷം കനയ്യകുമാറിലൂടെ ഉയിർത്തെഴുന്നേൽക്കുകയാണെന്ന് മനുഷ്യാവകാശപ്രവർത്തകരും ഇടതുപക്ഷ യുവജനസംഘടനകളും വിശ്വസിക്കുന്നു. ജെ.എൻ.യുവിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെയാണ് കനയ്യകുമാർ രാജ്യത്തിന്റെ ശ്രദ്ധനേടിയെടുത്തത്. ഇന്ന് മോദി വിരുദ്ധചേരിയുടെ പ്രധാന നായകരിലൊരാളി കനയ്യ മാറിയിരിക്കുന്നു. ബഗുസരായ് കമ്മ്യൂണിസ്‌റ്റ് പാർട്ടി ആഴത്തിൽ വേരൂന്നിയ മണ്ണായിരുന്നു. ബി.ജെ.പിയുടെ ഭോലാ സിംഗാണ് നിലവിൽ മണ്‌ഡലത്തെ പ്രതിനിധീകരിക്കുന്നത്.