ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാദ്ധ്യമപ്രവർത്തക പ്രിയാ രമണിക്കെതിരെ നടപടി. ഡൽഹി കോടതിയാണ് പ്രിയയ്ക്കെതിരെ കുറ്റം ചുമത്തിയത്. കേസ് വാദം കേൾക്കുന്നതിനായി മേയ് നാലിലേക്ക് മാറ്റി. അതേസമയം, കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് പ്രിയയെ ഒഴിവാക്കിയിട്ടുണ്ട്.
ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള തുറന്നുപറച്ചിലായി ലോകമെമ്പാടും അലയടിച്ച മീടൂ കാമ്പെയ്നിന്റെ ഭാഗമായിട്ടായിരുന്നു എം.ജെ. അക്ബർ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന ആരോപണവുമായി പ്രിയാ രമണി രംഗത്തുവന്നത്. 20 വർഷം മുമ്പ് മാദ്ധ്യമപ്രവർത്തകനായിരുന്ന കാലത്ത് അക്ബർ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രിയയുടെ ആരോപണം. പ്രിയയ്ക്ക് പിന്നാലെ നിരവധി പേർ ഇതേ ആരോപണവുമായി മുന്നോട്ടുവന്നതോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ അക്ബർ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ച് തനിക്ക് മാനനഷ്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി അക്ബർ പ്രിയയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.