yasin

ന്യൂഡൽഹി: ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസിൻ മാലിക്കിനെ ഡൽഹി എൻ.ഐ.എ കോടതി ഈ മാസം 22 വരെ എൻ.ഐ.എ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ജമ്മു കാശ്മീരിലെ ഭീകരർക്ക് പണം എത്തിച്ചു നൽകിയ കേസിലാണ് യാസിൻ മാലിക്ക് അന്വേഷണം നേരിടുന്നത്. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാസിൻ മാലിക്കിന്റെ ജെ.കെ.എൽ.എഫ് സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

ഡൽഹിയിൽ പ്രത്യേക ജഡ്ജി രാകേഷ് സിയാലിന് മുന്നിൽ ഹാജരാക്കിയ യാസിൻ മാലിക്കിനെ കോടതിമുറിക്കുള്ളിൽ വച്ചാണ് എൻ.ഐ.എ ഏജൻസി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്. മുൻ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകൾ റുബയ്യ സയീദിനെ 1989ൽ തട്ടിക്കൊണ്ടുപോയ കേസിലും 1990ൽ നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും മാലിക് പ്രതിയാണ്.

കാശ്മീരിലെ ഭീകരവാദികൾക്ക് ധനസഹായം എത്തിച്ചുനൽകി എന്ന കേസിന് പുറമേ മാലികിന്റെ നിരോധിത സംഘടനയായ ജമ്മു കാശ്മീർ ലിബറേഷൻ ഫണ്ടിന്റെ വരുമാന സ്രോതസുകളെപ്പറ്റിയും എൻ.ഐ.എ ചോദ്യം ചെയ്യും. പൊതു സുരക്ഷാ നിയമപ്രകാരമാണ് യാസിൻ മാലിക്കിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്.

 തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കാശ്മീരിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത്

വിഘടനവാദികൾ. ശക്തമായ പ്രതിഷേധവുമായി നിരത്തിലിറങ്ങാനാണ് വിഘടനവാദികളുടെ തീരുമാനം. ഹുറിയത്ത് നേതാക്കൾക്കെതിരായ എൻ.ഐ.എയുടെ നടപടിയെ തുടർന്നാണ് നീക്കം. ഇതിനെത്തുടർന്നു സംസ്ഥാനത്തു കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.