namo-tv

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വിവാദ നമോ ടിവിയുടെ സംപ്രേക്ഷണവും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. പി.എം മോദി സിനിമയ്‌ക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും അഭിമുഖങ്ങളും മാത്രം സംപ്രേക്ഷണം ചെയ്യുന്ന നമോ ടി.വിക്കും ബാധകമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയാണ് വിലക്ക്. നമോ ടി.വിക്ക് ബ്രോഡ്‌കാസ്‌റ്റ് ലൈസൻസും പ്രക്ഷേപണത്തിന് മുൻപു ലഭിക്കേണ്ട സുരക്ഷാ അനുമതിയും ഇല്ലെന്ന പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. അനുമതി ലഭിച്ച ഔദ്യോഗിക ചാനലുകളുടെ പട്ടികയിൽ നമോ ടിവിയുടെ പേരില്ലാത്തതും വിവാദമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി കോൺഗ്രസും ആംആദ്‌മി പാർട്ടിയും ചാനൽ സംപ്രേക്ഷണം നിറുത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഡി.ടി.എച്ച് പ്ളാറ്റ്ഫോമിൽ പരസ്യ സംപ്രേക്ഷണത്തിനു വേണ്ടി തുടങ്ങിയതാണ് നമോ ടിവിയെന്നും അത്തരം ചാനലുകൾക്ക് അനുമതി ആവശ്യമില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. നമോ ടിവി സാധാരണ ചാനൽ അല്ല. പരസ്യ സംപ്രേക്ഷണത്തിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. അത്തരം ചാനലുകളുടെ പേര് അനുമതി ലഭിച്ച മറ്റ് ഔദ്യോഗിക ചാനലുകളുടെ പട്ടികയിൽ കാണില്ലെന്നും മന്ത്രാലയം വിശദീകരിച്ചിരുന്നു. . പ്രമുഖ ഡി.ടി.എച്ച് ശ്രംഖലകൾ വഴി മാർച്ച് 31 മുതലാണ് നമോ ടിവി സംപ്രേക്ഷണം തുടങ്ങിയത്. നരേന്ദ്രമോദി ട്വിറ്ററിലൂടെ അത് അറിയിക്കുകയും ചെയ്‌തു. ചാനലിൽ ഡൽഹിയിൽ നരേന്ദ്രമോദിയുടെ മേം ഭി ചൗക്കിദാർ സംവാദ പരിപാടി തൽസമയം സംപ്രേക്ഷണം ചെയ്‌തിരുന്നു