sreedhanya

കൽപ്പറ്റ: ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിന്റെ വീട് സന്ദർശിച്ച് ചലച്ചിത്ര താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വീട്ടിലെത്തിയ സന്തോഷ് ശ്രീധന്യയെയും രക്ഷിതാക്കളെയും കണ്ട് അഭിനന്ദനം അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. ശ്രീധന്യ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിട്ടു മനസിലാക്കിയ സന്തോഷ് പണ്ഡിറ്റ് വീട്ടിലേക്കാവശ്യമായ കിടക്കയും അലമാരയും അടക്കം അത്യാവശ്യ സാധനങ്ങളുമായാണ് എത്തിയത്. സന്തോഷ് പണ്ഡിറ്റ് നൽകിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതൽ കുട്ടികൾ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്. തരിയോട് നിർമല ഹെെസ്‌കൂളിൽ നിന്നു 85 ശതമാനത്തിലധികം മാർക്കോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടിയ ശ്രീധന്യ തരിയോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ് ടു ജയിച്ചത്. കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് സുവോളജിയിൽ ബി.എസ്.സി ബിരുദവും അപ്ലെഡ് സുവോളജിയിൽ ഇവിടെനിന്നു തന്നെ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് എട്ടു മാസത്തോളം വയനാട് എൻ ഊരു ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റായി ജോലി ചെയ്തു. തുടർന്നാണ് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനു ചേർന്നത്.

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം

ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയിൽ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരിൽ സന്ദർശിച്ചു അഭിനന്ദിച്ചു. (വയനാട്ടിൽ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാൻ സാധിച്ചതിൽ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടിൽ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാൻ സാധിക്കാത്തതിൽ എനിക്ക് ഇപ്പോൾ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.