കല്പറ്റ: രാജവെമ്പാലയേക്കാൾ ഭീകരമായ വിഷം പരത്തുന്ന ആളാണ്അമിത്ഷായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ വയനാട്ടിൽ പറഞ്ഞു. പാകിസ്ഥാൻ വിളിക്കാതെ അങ്ങോട്ട് പോയി ചായ കുടിച്ച മോദിയാണ് ഞങ്ങളെ പാകിസ്ഥാനെന്ന് പറഞ്ഞ് പേടിപ്പിക്കാൻ വരുന്നത്. ഇന്ത്യയിലെ കോൺഗ്രസിനെ പോലെ രാജ്യസ്നേഹത്തിനും ദേശസ്നേഹത്തിനും വേണ്ടി പ്രവർത്തിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്ത പ്രസ്ഥാനം വേറെ ഇല്ല.
അമിത്ഷായുടെ പരാമർശം കേരളത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്റെ പാരമ്പര്യം അമിത്ഷായ്ക്ക് അറിയില്ല. വീര പഴശിയുടെ കർമഭൂമിയാണ് വയനാട്. ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും ജില്ലയല്ല വയനാട്. ഏതെങ്കിലും മണ്ഡലത്തെ മതപരമായി ഭിന്നിപ്പിക്കാറുണ്ടോ. വയനാടിന്റെ സംസ്കാരം മനസിലാക്കണം. അമിത്ഷായുടെ കണ്ണ് അന്ധത നിറഞ്ഞതാണ്. ഭീന്നിപ്പിക്കുന്ന കാഴ്ച മാത്രമേ അമിത്ഷായുടെ കണ്ണിന് കാണാൻ സാധിക്കുകയുള്ളൂ. അതിനുള്ള ചുട്ട മറുപടിയാകും തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് അമിത്ഷാ വിഷപ്രചരണം നടത്തുന്നത്.രാജ്യത്ത് ചെറുപ്പക്കാർ തൊഴിലിന് വേണ്ടി കരയുകയും കൃഷിക്കാർ കഷ്ടപ്പാടുകൊണ്ട് വിതുമ്പുകയും ചെയ്യുന്ന അവസ്ഥയിലാണ് അതിൽ നിന്നെല്ലാം ഒളിച്ചോടാനുള്ള കുറുക്കുവഴിയാണ് അമിത്ഷാ നടത്തുന്ന വിഷപ്രചരണം. നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന സർക്കസ് ഈ തിരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സിയ്ക്ക് വയനട്ടിലെ പ്രവത്തനങ്ങളിൽ പൂർണ തൃപ്തിയുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. രാഹുൽ ഗാന്ധി 17ന് പ്രചാരണത്തിന് എത്തും. ദേശീയ നേതാക്കൻമാരായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, ഗുലാം നബി ആസാദ്, ഖുശ്ബു എന്നിവർ വയനാട്ടിലെത്തും. കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിക്കും.
ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. പാർലമെന്റിൽ ഇക്കാര്യം താൻ തന്നെ ഉന്നയിച്ചിരുന്നു. മുത്തലാക്ക് വിഷയത്തിൽ ഓഡിനൻസ് ഇറക്കിയ കേന്ദ്രസർക്കാർ ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒർഡിനൻസ് ഇറക്കാതെ വിശ്വാസികളെ കബളിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ശബരിമലയെ ഉപയോഗിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്ത് ദാരിദ്ര്യത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തും. കെ.സി. വേണുഗോപാൽ പറഞ്ഞു.