sreedhanya

തിരുവനന്തപുരം: ഇത്തവണത്തെ സിവിൽ സർവീവ് പരീക്ഷയിൽ 410ാം റാങ്ക് നേടിയ ശ്രീധന്യയെ മന്ത്രി എ.കെ ബാലന്റെ കാബിനിൽ നിന്നിറക്കി വിട്ടെന്ന ഫേസ്ബുക്ക് ആരോപണകുറിപ്പിന് മറുപടിയുമായി മന്ത്രി രംഗത്ത്. ശ്രീധന്യയെ കാബിനിൽ നിന്ന് ഇറക്കിവിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മാദ്ധ്യമങ്ങളിൽ എന്തേ അത് വാർത്തയായില്ല?​ മൂന്ന് വർഷം കഴിഞ്ഞാണോ പ്രതികരിക്കുന്നത് അതും ഒരു സർക്കാർ സ്വീകരിച്ച നടപടികളിലൂടെ നേട്ടം കൈവരിച്ച കുട്ടിയെ അഭിനന്ദിച്ചതിന്റെ പേരിൽ​- മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഐ.എ.എസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടി എന്ന് പറയുന്നത് പോലും വാസ്തവ വിരുദ്ധമാണ്. ഈ സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവിടെ മുന്നൂറ് കുട്ടികൾ ഇപ്പോൾ പഠിക്കുന്നുമുണ്ട്. ഈ സ്ഥാപനം തുടങ്ങി 28 വർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും ഐ.എ.എസ് നേടാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ ലക്ഷ്യം നേടാം എന്ന ആലോചനയിൽ നിന്നും സ്ഥാപനത്തെ നിലനിർത്തിക്കൊണ്ട് തന്നെ ചില മാറ്റങ്ങൾ വരുത്തുകയാണ് വകുപ്പ് ചെയ്തത്.

മുഖ്യധാരാ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യമായി പരിശീലനവും അനുബന്ധ സഹായങ്ങളും നൽകി കൂടുതൽ പേർക്ക് ഐ.എ.എസ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. ശ്രീധന്യ 2016-17 വർഷം നമ്മുടെ സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. അടുത്ത വർഷം മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് സർക്കാർ എല്ലാ സഹായവും നൽകി.

ഈ സർക്കാർ വന്ന ശേഷം വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും നിരവധി നവീന പദ്ധതികൾ ഈ കുട്ടികൾക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. സ്‌പെഷ്യൽ റിക്രൂട്‌മെന്റ്, നൈപുണ്യ വികസന പരിശീലനത്തിലൂടെ വിദേശത്തടക്കം തൊഴിൽ നേടാൻ അവസരം, സാമൂഹ്യ പഠനമുറി, ഗോത്രബന്ധു തുടങ്ങിയ പദ്ധതികളിലൂടെ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഈ സർക്കാർ നടപ്പാക്കിയത്. പൊതുവിൽ പട്ടികജാതി/പട്ടികവർഗ്ഗ മേഖലയിലെ ഉത്തരവാദപ്പെട്ട സംഘടനകളുമായെല്ലാം സർക്കാർ ഇത്തരം പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ അവർ നൽകുന്നുമുണ്ട്.

സർക്കാരിന്റെ പ്രവർത്തനങ്ങളെ ക്രിയാത്മകമായി വിമർശിക്കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ അസഹിഷ്ണുത ഉള്ളവരാണ്. തികഞ്ഞ അവജ്ഞയോടെ ഇത് തള്ളിക്കളയുന്നു- മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം