udham-singh-

ഒരു പേരിലെന്തിരിക്കുന്നു...എന്നുള്ള ചോദ്യത്തിന് ഉത്തരം,​ ഒരു പേരിൽ ഒരുപാടുണ്ട് എന്നുതന്നെയാണ്. പ്രത്യേകിച്ച്,​ ഒരു രാജ്യത്തിന്റെ മുഴുവൻ ഐക്യവും നാനാത്വവും പേരിലുൾക്കൊള്ളിച്ച്,​ ബ്രിട്ടീഷുകാരുടെ തൂക്കുകയറിലും പതറാതെ നിന്ന ഒരു ധീര രക്തസാക്ഷിയുടെ നാട്ടിൽ. കൊലപാതകക്കേസിൽ പിടിയിലായ ഉദ്ദംസിംഗ്,​ തന്റെ പേര് പറഞ്ഞത് 'റാം മുഹമ്മദ് സിംഗ് ആസാദെ"ന്നാണ്. ഇനിയാണ് ആ കൊലപാതകത്തിന്റെ കഥ. ഉദ്ദംസിംഗ് കൊലപ്പെടുത്തിയത് വെറുമൊരു സാധാരണക്കാരനെ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നോവിക്കുന്ന ഓർമ്മയായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നിർദേശം നൽകിയ ജനറൽ ഒ.ഡയറായിരുന്നു ഉദ്ദംസിംഗിന്റെ തോക്കിനിരയായത്. അതും കൂട്ടക്കൊല നടന്ന് 20 വർഷങ്ങൾക്ക് ശേഷം.

1940 മാർച്ച് 13ന്, യു.കെയിലെ കാക്‌സ്ടൺ ഹാളിൽ മദ്ധ്യേഷ്യൻ സൊസൈറ്റിയുടെയും ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റെയും സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജനറൽ ഡയർ. സമ്മേളനം അവസാനിച്ച സമയം, ഡയറിനുനേരെ ഒരു പുസ്തകത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് പുറത്തെടുത്ത് ഉദ്ദം സിംഗ് രണ്ടു വട്ടം വെടിയുതിർത്തു. ജനറൽ ഡയറിന്റെ മരണത്തിന് അത് മതിയായിരുന്നു. ഉദ്ദം സിംഗിനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

1940 ഏപ്രിൽ1 ന് ജനറൽ ഡയറിനെ വധിച്ച കുറ്റം ഉദ്ദംസിംഗിനുമേൽ ചുമത്തപ്പെട്ടു. സെൻട്രൽ ക്രിമിനൽ കോടതിയിൽ വാദം നടന്ന 42 ദിവസവും അദ്ദേഹത്തെ പാർപ്പിച്ചിരുന്ന ബ്രിക്സ്റ്റൺ ജയിലിൽ ഉദ്ദംസിംഗ് നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. താൻ നടത്തിയ കൊലപാതകത്തെ ന്യായീകരിച്ച സിംഗ് അതിൽ ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ല. 1940 ജൂലായ് 31ന് പെന്റോൺവില്ലെ ജയിലിൽവച്ച് ഉദ്ദം സിംഗിനെ തൂക്കിലേറ്റി. പഞ്ചാബിലെ സംഗ്രൂറിൽ ജനിച്ച ഉദ്ദംസിംഗ് ഷഹീദ്-ഇ-അസം (രക്തസാക്ഷികളുടെ രാജാവ്) എന്നാണ് അറിയപ്പെടുന്നത്.