ന്യൂഡൽഹി:മാദ്ധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച മുൻകാല കോടതി വിധികളും പെൻറഗൺ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കാൻ വിസമ്മതിച്ച യു.എസ്. സുപ്രീംകോടതി വിധിയും ഉൾപ്പെടെ ഉദ്ധരിച്ചാണ് ഇന്നലെ ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയ് റാഫേൽ കേസിലെ സുപ്രധാന വിധി പ്രസ്‌താവിച്ചത്. ഹിന്ദു പത്രം രേഖകൾ പ്രസിദ്ധീകരിച്ചത് ഭരണഘടനാ ദത്തമായ അഭിപ്രായ സ്വാതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം സംരക്ഷിക്കുന്നതിലും ഊർജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോകുന്നതിലും മാദ്ധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫിന്റെ വിധിന്യായത്തിൽ പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗവും മാദ്ധ്യമങ്ങളുടെ പരിധിക്ക് പുറത്തല്ല. മൂന്ന് രേഖകളും ഹിന്ദു പത്രം പ്രസിദ്ധീകരിച്ചവയാണ്. ആ രേഖകളുടെ ആധികാരികത ആരും ചോദ്യം ചെയ്‌തിട്ടില്ല. രേഖകൾ ഹർജികളിൽ ഉൾപ്പെടുത്തിയതിൽ അവകാശ ലംഘനവും ഇല്ല. ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടില്ല. രേഖകളുടെ ഉള്ളടക്കത്തിന്റെ കൃത്യതയെ ഗവൺമെന്റ് ചോദ്യം ചെയ്‌തിട്ടുമില്ല. പ്രസിദ്ധീകരിച്ച രേഖകൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്ന വാദം നിലനിൽക്കില്ല. ഉന്നത അധികാരകേന്ദ്രങ്ങളിൽ തെറ്റായ ഗുരുതുര പ്രവൃത്തികൾ നടന്നുവെന്നാണ് റിവ്യൂ ഹർജികളിൽ പറയുന്നത് . അഴിമതി നിരോധന നിയമപ്രകാരം നടപടിവേണമെന്നാണ് ആവശ്യം. ഇവിടെ പൊതു താത്പര്യമാണ് പ്രധാനമെന്നും കെ.എം ജോസഫും വ്യക്തമാക്കി.
മോദി ഓഫീസിനെതിരായ രേഖകൾ
1. പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേൽ നിർമ്മാതാക്കളായ ഫ്രാൻസിലെ ദസോ കമ്പനിയുമായി സമാന്തരമായി കൂടിയാലോചന നടത്തിയെന്നും അത് ഇന്ത്യൻ താത്പര്യത്തെ ദുർബലമാക്കിയെന്നും ഔദ്യോഗിക ഇന്ത്യൻ കൂടിയാലോചനാ സംഘത്തിലെ മൂന്ന് പ്രതിരോധ ഉദ്യോഗസ്ഥർ എഴുതിയ വിയോജന കുറിപ്പ്
2. സമാന്തര ചർച്ച ഇന്ത്യയ്‌ക്ക് ദോഷമാകുമെന്നും ഇന്ത്യൻ സംഘത്തിൽ ഇല്ലാത്തവരുടെ സമാന്തര ചർച്ച ഒഴിവാക്കണമെന്നും മന്ത്രാലയത്തിൽ വിശ്വാസം ഇല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ട് ചർച്ച നടത്താമെന്നമുള്ള 2015 നവംബറിൽ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി എസ്.കെ. ശർമ്മ തയ്യാറാക്കിയ നോട്ട്.