ന്യൂഡൽഹി: റിലയൻസ് ജിയോയുടെ 'ജിഗാ ഫൈബർ" ബ്രോഡ്ബാൻഡ് പാക്കേജ് ഉടൻ അഖിലേന്ത്യാ തലത്തിൽ ഉപഭോക്താക്കളിലേക്ക് എത്തും. 600 രൂപയായിരിക്കും ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ഫോൺ, ടിവി എന്നിവയുൾപ്പെടുന്ന ഈ കോംബോ പാക്കേജിന്റെ നിരക്കെന്നാണ് സൂചന. ഈ രംഗത്തെ മറ്ര് കമ്പനികളുടെ നിരക്കിനേക്കാൾ പാതിയോളം കുറവാണിത്. അങ്ങനെയെങ്കിൽ, മൊബൈൽ മേഖലയ്ക്ക് സമാനമായി ബ്രോഡ്‌ബാൻഡ് രംഗത്തും വൻ ചലനമായിരിക്കും ജിയോ സൃഷ്‌ടിക്കുക.
നിലവിൽ ന്യൂഡൽഹിയിലും മുംബയിലും പരീക്ഷണാടിസ്ഥാനത്തിൽ ജിഗാഫൈബർ സേവനം ലഭ്യമാക്കുന്നുണ്ട്. 100 എം.ബി.പി.എസ് വേഗതിയിൽ 100 ജിബി ഡാറ്റയാണ് സൗജന്യമായി അവിടങ്ങളിൽ നൽകുന്നത്. അതേസമയം, റൂട്ടറിന് ഒറ്റത്തവണ നിക്ഷേപമായി 4,500 രൂപ ഈടാക്കുന്നുണ്ട്. ഒരുവർഷത്തേക്ക് പിന്നീട് വരിസംഖ്യയൊന്നും ഈടാക്കില്ല. സ്‌മാർട്‌ഹോം നെറ്ര്‌വർക്കിലൂടെ 40 ഉപകരണങ്ങൾ ബന്ധിപ്പിക്കാനുള്ള ഓപ്‌ഷനും ജിയോ ജിഗാ ഫൈബറിലുണ്ട്. ഇതിന് നിരക്ക് ആയിരം രൂപയാണ്.
സമാന പക്കേജുകൾ തന്നെയാകും അഖിലേന്ത്യാ തലത്തിലും അവതരിപ്പിക്കുക. ലാൻഡ്‌ലൈനിൽ കോളുകൾ സൗജന്യമായിരിക്കും. ടിവി ചാനലുകൾ ഇന്റർനെറ്ര് വഴി (ഇന്റർനെറ്ര് പ്രോട്ടോക്കോൾ ടെലിവിഷൻ) ലഭ്യമാക്കും. ജിയോ ജിഗാ ഫൈബർ വരിക്കാരാകാനുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് കഴിഞ്ഞ ആഗസ്‌റ്രിൽ തുടക്കമായിരുന്നു.