wayand

കോഴിക്കോട്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു. നിലവിലെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ ടി.സിദ്ദിഖിനായിരുന്നു വയനാട് സീറ്റ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നതോടെ വയനാട് സീറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ടി.സിദ്ദിഖിന് സീറ്റ് ഒഴിയേണ്ടിവന്നത്.

അതിനിടെ വയനാട് സീറ്റ് രാഹുലിന് വിട്ടുനൽകുന്നതിനായി കോൺഗ്രസ് നേതൃത്വം സിദ്ദിഖിന് ഒട്ടനവധി ഓഫർ നൽകിയെന്ന തരത്തിൽ പ്രചാരണങ്ങൾ പരന്നിരുന്നു. രാജ്യസഭ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്നീ പദവികളാണ് വാഗ്ദ്ധാനം ചെയ്തതെന്നായിരുന്നു പ്രതാരണങ്ങൾ. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ടി.സിദ്ദിഖ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ

വയനാട് സീറ്റ് വിട്ടുനൽകാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനവുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ടുവന്നിരുന്നെങ്കിൽ അത്തരമൊരു ഡിമാൻഡ് സംസാരിക്കാൻ ഒരുക്കമല്ലെന്ന് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. താൻ അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല, തന്നോട് ഇങ്ങനെയാരു കാര്യം കോൺഗ്രസ് നേതൃത്വവും പറഞ്ഞിട്ടില്ല. അങ്ങനയൊരു കണ്ടീഷൻ വച്ചുള്ള സംസാരമേ ഉണ്ടാവാൻ പാടില്ല. തന്നെ സാന്ത്വനിപ്പിക്കാൻ ഒരു ഓഫറും കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ചിട്ടില്ല.

ഭാവിരാഷ്ട്രീയത്തിൽ തന്റെ അദ്ധ്വാനവും പ്രവർത്തനവും പരിഗണിച്ചുകൊണ്ട് തനിക്ക് പുതിയ പദവി നൽകണമെന്ന് പാർട്ടി തലത്തിൽ എടുക്കേണ്ട തീരുമാനമാണ്. തന്നെ ഏൽപ്പിക്കുന്ന എന്ത് ഉത്തരവാദിത്തവും പരമാവധി പ്രേയത്നം എടുത്ത് നിർവഹിക്കാറുണ്ട്. നാളെ പാർട്ടി ഏത് തരത്തിലുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് കൃത്യമായി ചെയ്യും. പക്ഷേ വയനാട് സീറ്റ് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് ഒരു കണ്ടീഷനലായ ഒരു സാഹചര്യം ഒരിക്കലും നിലവിലില്ല- സിദ്ദിഖ് പറയുന്നു.