amit-sha

നാഗ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായ വയനാടിനുമെതിരെ വർഗീയപരാമർശവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നടത്തിയ റാലി കണ്ടാൽ, അത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഈ മാസം നാലിന് വയനാട്ടിൽ പ്രകടനപത്രിക സമർപ്പിക്കാൻ രാഹുലെത്തിയ റാലിയിലെ മുസ്ലീം ലീഗിന്റെ പതാക കണ്ടിട്ടാണ് അത് വർഗീയമായി ഉപയോഗിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം.

നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു ഷാ. ''വയനാട്ടിൽ നടന്ന റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് പറയാനാവില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുൽ മത്സരിക്കുന്നത്?

ഇന്ത്യ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയപ്പോൾ രാജ്യം മുഴുവൻ സന്തോഷിച്ചെങ്കിലും പാകിസ്ഥാനും കോൺഗ്രസ് പാർട്ടിയും ദുഃഖത്തിലായി. കോൺഗ്രസിന്റെ സാം പിത്രോദ പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോ?"- ജനക്കൂട്ടത്തോട് അമിത് ഷാ ചോദിച്ചു.

 ഇത് സ്ഥിരം ''നമ്പർ"

മുസ്ലീം ലീഗിന്റെ പതാകയെ പാക് പതാകയുമായി താരതമ്യപ്പെടുത്തിക്കൊണ്ടും കോൺഗ്രസിനെയും ലീഗിനെയും വർഗീയമായി അധിക്ഷേപിച്ചുകൊണ്ടും ഇതിന് മുമ്പും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പരാമർശങ്ങൾ നടത്തിയിരുന്നു. മുസ്ലീം ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണെന്നും രാഹുൽ ജയിച്ചാൽ, ഈ വൈറസ് രാജ്യമാകെ പടരമെന്നുമായിരുന്നു യോഗിയുടെ ട്വിറ്റർ കുറിപ്പ്. രാജ്യം വിഭജിക്കാൻ കാരണം മുസ്ലീം ലീഗാണെന്നും യോഗി ആരോപിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ പേടിച്ചാണ് രാഹുൽ വയനാട്ടിലേക്ക് ഓടിപ്പോയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പരിഹസിച്ചിരുന്നു.