2018-19ൽ വിറ്റുവരവ് ₹125.35 കോടി
ആലപ്പുഴ: കയർഫെഡ് കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) 125.35 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞവർഷത്തെ കയർ സംഭരണം മുൻ സർക്കാരിന്റെ അവസാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കയർ വിപണനം 122 ശതമാനം വർദ്ധന കുറിച്ചു. കയർഫെഡിന്റെ ആകെ വിറ്റുവരവ് ഇക്കാലയളവിൽ 113 ശതമാനമാണ് ഉയർന്നത്.
1.55 ലക്ഷം ക്വിന്റൽ കയർ കഴിഞ്ഞ സാമ്പത്തിക വർഷം സംഭരിച്ചു. 1.56 ലക്ഷം ക്വിന്റൽ വിപണനം ചെയ്തു. പ്രാഥമിക കയർപിരി സഹകരണ സംഘങ്ങളിൽ ഈ സർക്കാരിന്റെ കാലത്ത് ഇരട്ടിയിലധികം തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി. കയർഫെഡ് മുഴുവൻ കയറും വിറ്റഴിച്ചത് വിലസ്ഥിരതാ പദ്ധതി പ്രകാരം കയറുത്പന്ന നിർമ്മാണ മേഖലയിലാണ്. ചകിരി സ്വയം പര്യാപ്‌തത കൈവരിക്കാനായി രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി ഇതിനകം 100 ചകിരി മില്ലുകൾ സ്ഥാപിച്ചു. ആവശ്യമുള്ളതിന്റെ നാലിലൊന്ന് ചകിരി കേരളത്തിൽത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. കയർ ഉത്പാദനത്തിന് ആവശ്യമായ മുഴുവൻ ചകിരിയും രണ്ടു വർഷത്തിനുള്ളിൽ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.