കൊച്ചി: പ്രവാസികൾ അയയ്ക്കുന്ന പണം ഏറ്റവുമധികം നേടുന്ന രാജ്യമെന്ന പട്ടം 2018ലും ഇന്ത്യ നിലനിറുത്തി. കഴിഞ്ഞവർഷം 14 ശതമാനം വർദ്ധനയോടെ 7,900 കോടി ഡോളറാണ് ഇന്ത്യ നേടിയതെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. പ്രളയത്തെ തുടർന്ന്, പ്രവാസികൾ വൻതോതിൽ കേരളത്തിലേക്ക് സഹായധനം ഒഴുക്കിയത്, ഇന്ത്യയ്ക്ക് നേട്ടമായെന്നും റിപ്പോർട്ടിലുണ്ട്. 2016ൽ 6,270 കോടി ഡോളറും 2017ൽ 6,530 കോടി ഡോളറുമാണ് ഇന്ത്യ നേടിയത്.
6,700 കോടി ഡോളർ നേടി ചൈനയാണ് കഴിഞ്ഞവർഷം രണ്ടാമതെത്തിയത്. മെക്‌സിക്കോ (3,600 കോടി ഡോളർ), ഫിലിപ്പീൻസ് (3,400 കോടി ഡോളർ), ഈജിപ്‌ത് (2,900 കോടി ഡോളർ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ളത്. ഇന്ത്യയുടെ അയൽക്കാരായ ബംഗ്ലാദേശ് കഴിഞ്ഞവർഷം 15 ശതമാനം വളർച്ച പ്രവാസിപ്പണത്തിൽ കുറിച്ചു. പാകിസ‌്‌താൻ കുറിച്ച വളർച്ച ഏഴ് ശതമാനമാണ്. പാകിസ്‌താന്റെ പ്രധാന പ്രവാസിപ്പണ ശ്രോതസായ സൗദി അറേബ്യയിൽ നിന്നുള്ള ഒഴുക്ക് 2018ൽ ഇടിഞ്ഞുവെന്നും ലോകബാങ്ക് വ്യക്തമാക്കി.
കുറഞ്ഞ വരുമാനം കുറിക്കുന്ന രാജ്യങ്ങളിലേക്ക് കഴിഞ്ഞവർഷം അയയ്‌ക്കപ്പെട്ട പ്രവാസിപ്പണം 9.6 ശതമാനം വർദ്ധിച്ച് 52,900 കോടി ഡോളറായി. 2017ൽ ഇത് 48,300 കോടി ഡോളറായിരുന്നു. ഈവർഷം ഇത് 55,000 കോടി ഡോളറാകുമെന്നാണ് വിലയിരുത്തൽ. ഉയർന്ന വരുമാന രാജ്യങ്ങളുടെ കഴിഞ്ഞവർഷത്തെ നേട്ടം 63,300 കോടി ഡോളറിൽ നിന്നുയർന്ന് 68,900 കോടി ഡോളറിലുമെത്തി.