ന്യൂഡൽഹി: ഇന്ത്യ 2019ൽ 7.3 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തൽ. 2020ൽ വളർച്ച 7.5 ശതമാനമാകുമെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ഐ.എം.എഫിന്റെ റിപ്പോർട്ടിലുണ്ട്. നേരത്തേ, ലോകബാങ്കും യു.എന്നും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
നിക്ഷേപത്തിലെ ഉണർവും ഉയർന്ന ഉപഭോഗവുമാണ് ഇന്ത്യൻ ജി.ഡി.പിയുടെ കുതിപ്പിന് വളമാകുകയെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ പലിശയിളവ് നടപടികളും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും ഇന്ത്യയ്ക്ക് നേട്ടമാകും. 2018ൽ ഇന്ത്യയുടെ വളർച്ച 7.1 ശതമാനമായിരുന്നു. ഇക്കാലയളവിൽ ചൈന വളർന്നത് 6.6 ശതമാനം മാത്രമാണ്. 2019ൽ ചൈന 6.3 ശതമാനം വളരുമെങ്കിലും 2020ൽ വളർച്ച 6.1 ശതമാനത്തിലേക്ക് ഇടിയുമെന്നും റിപ്പോർട്ടിലുണ്ട്.