lalu

ന്യൂഡൽഹി: കാലിത്തീറ്റ കുഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവിന്​ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. 25 വർഷത്തേക്ക്​ വിധിച്ച തടവു ശിക്ഷക്ക്​ 14 മാസം മാത്രമാണ്​ ശിക്ഷ അനുഭവിച്ചതെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജാമ്യം അനുവദിച്ചാഷ ലാലു ഉടൻ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് കോടതിയിൽ സിബിഐ വാദിച്ചു. എന്നാൽ 25 വർഷമല്ല, 14 വർഷമാണ്​ ശിക്ഷ വിധിച്ചതെന്ന്​ പറഞ്ഞ ലാലു പ്രസാദ്​ യാദവി​​ന്റെ അഭിഭാഷകൻ കപിൽ സിബൽ ലാലു ഓടിപ്പോവുകയില്ലെന്നും കോടതിയെ അറിയിച്ചു.

അതേസമയം, രാഷ്ട്രീയക്കാർക്കെതിരെയുള്ള കേസുകൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും 25 വർഷമാണോ 14 വർഷമാണോ എന്നുള്ള കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. ലാലുവിന്റെ ജാമ്യാപേക്ഷയെ സി.ബി.ഐ ചൊവ്വാഴ്​ച സുപ്രീംകോടതിയിൽ എതിർത്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാഷ്ട്രീയമായ ഇടപെടലുകൾ നടത്തി ലാലു ജാമ്യം ദുരുപയോഗം ചെയ്യുമെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.