black
ബ്ലാക്

വാഷിംഗ്ടൺ:അനന്തമായ ശൂന്യാകാശത്ത് രാക്ഷസീയമായ ഗുരുത്വബലത്താൽ നക്ഷത്രങ്ങളെയും പ്രകാശത്തെയും വിഴുങ്ങുന്ന തമോഗർത്തം ( ബ്ലാക്ക് ഹോൾ ) എന്ന പ്രതിഭാസം ആദ്യമായി ശാസ്‌ത്രജ്ഞർ കാമറയിൽ പകർത്തി. ഭൂമിയിൽ നിന്ന് 50ലക്ഷം കോടി കിലോമീറ്റർ അകലെയുള്ള എം - 87 എന്ന താരാപഥത്തിലാണ് ഈ ഭീമൻ തമോഗർത്തം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ട് ടെലസ്‌കാപ്പ് കാമറകളുടെ ശൃംഖല ( ഇവന്റ് ഹൊറൈസൺ ടെലസ്‌കോപ്പ് ) പകർത്തിയ ചിത്രങ്ങൾ സംയോജിപ്പിച്ചതാണ് ഈ ചിത്രം.

ഭൂമിയുടെ മുപ്പത് ലക്ഷം മടങ്ങ് വലിപ്പം

 4,000 കോടി കിലോമീറ്റർ വ്യാസം

സൂര്യനേക്കാൾ 650 കോടി മടങ്ങ് ഭാരം

മൊത്തം സൗരയൂഥത്തേക്കാൾ വലിപ്പം

പ്രപഞ്ചത്തിലെ ഏറ്റവും ഭാരമുള്ള തമോഗർത്തം

ഒരു കറുത്ത ഗർത്തവും പ്രകാശവലയവും

ഗർത്തത്തിലേക്ക് പതിക്കുന്ന ചൂടുപിടിച്ച വാതകമാണ് പ്രകാശത്തിന് കാരണം.

കോടിക്കണക്കിന് നക്ഷത്രങ്ങളുടെ മൊത്തം പ്രകാശത്തേക്കാൾ തീഷ്‌ണം

എന്താണ് തമോഗർത്തം

ബഹിരാകാശത്ത് പ്രകാശം ഉൾപ്പെടെ ഒരു വസ്‌തുവിനും രക്ഷപ്പെടാനാവാത്തത്ര ശക്തമായ ഗുരുത്വാകർഷണത്തിന്റെ മേഖലയാണ് തമോഗർത്തം. ഗർത്തം എന്ന് പറയുന്നെങ്കിലും അവിടം ശൂന്യമല്ല. ഭീമമായ അളവിലുള്ള ദ്രവ്യം കുറഞ്ഞൊരു സ്ഥലത്ത് ചേർത്ത് അടുക്കി വച്ചിരിക്കുകയാണ്. ഗുരുത്വബലം കൂടാൻ കാരണം അതാണ്. തമോഗർത്തത്തിന് പുറത്ത് ഇവന്റ് ഹൊറൈസൺ എന്നൊരു മേഖലയുണ്ട്. ആ ചക്രവാളം കടന്നാൽ തമോഗ‌ർത്തത്തിന്റെ ഗുരുത്വ ബലത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല.