noushar

കൊല്ലം: കരുനാഗപ്പള്ളി കടത്തൂരിൽ നാലുവയസുകാരനെ മദ്യം നൽകി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയശേഷം ജീവനോടെ കുളത്തിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കുട്ടിയുടെ അയൽവാസി കരുനാഗപ്പള്ളി കടത്തൂർ വരമ്പേൽ തെക്കതിൽ വീട്ടിൽ നൗഷറിനെയാണ് (37) ജില്ലാ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ഇ.ബൈജു ശിക്ഷ വിധിച്ചത്. അപകട മരണമായി കരുതിയ കേസ് പിന്നീട് കൊലപാതമാണെന്ന് തിരിച്ചറിയുകയായിരുന്നു.

2006 ജനുവരി 7നായിരുന്നു കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കാലിൽ ബൊഗെയ്ൻ വില്ല ചെടിയുടെ മുള്ള് കൊണ്ടിരുന്നു. മുത്തസഹോദരൻ മുള്ള് നീക്കിയ ശേഷം വീണ്ടും കളിക്കാൻ പോയി. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. രക്ഷാകർത്താക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാം ദിവസം പ്രതിയുടെ വീട്ടു പറമ്പിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തേങ്ങയിടാൻ തെങ്ങിൽ കയറിയ ആളാണ് കട്ടിയുടെ മൃതദേഹം കുളത്തിൽ കിടക്കുന്നത് കണ്ടത്.

ടയർ ഉരുട്ടി കളിച്ചുകൊണ്ടിരുന്ന കുട്ടി നൗഷറിന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ വീട്ടുനുള്ളിലേക്ക് വലിച്ചുകയറ്രിയ പ്രതി മദ്യം നൽകി പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചു. കുട്ടി ബഹളം വച്ചതോടെ വായ് പൊത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. പ്രതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ പ്രതിയുടെ ഭാര്യയും മക്കളും ഉടൻ എത്തുമെന്ന വെപ്രാളത്തിൽ മരിക്കും മുമ്പേ കുട്ടിയെ പറമ്പിലെ കുളത്തിൽ തള്ളുകയായിരുന്നു. മുഖത്തേറ്റ ആഴത്തിലുള്ള പരിക്കും വെള്ളം കുടിച്ചുമാണ് മരിച്ചതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതോടെ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചതാണെന്ന് എല്ലാവരും ധരിച്ചു.

വഴിത്തിരിവായത്

രാസപരിശോധന

കുട്ടിയുടെ ശരീരത്തിൽ 23.65 ശതമാനം ആൽക്കഹോൾ ഉണ്ടായിരുന്നുവെന്ന രാസപരിശോധനാ ഫലം വന്നതോടെയാണ് അപകട മരണമല്ലെന്ന സംശയം ബലപ്പെട്ടത്. ഇതോടെ അന്വേഷണം അന്നത്തെ കരുനാഗപ്പള്ളി സി.ഐ ശിവപ്രസാദ് ഏറ്റെടുത്തു. മൃതദേഹം കണ്ടെത്തിയ കളത്തിൽ രണ്ട് മദ്യകുപ്പികൾ കണ്ടെത്തി. കുട്ടി കളിക്കാൻ ഉപയോഗിച്ചിരുന്ന ടയർ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതിനൊപ്പം കിടപ്പുമുറിയിലെ ഭിത്തിയിലും അടുക്കള വാതിലിന്റെ കുറ്റിയിലും രക്തക്കറയും കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം ഘാതകൻ നൗഷറാണെന്ന് സ്ഥിരീകരിച്ചു.